ബെംഗളൂരു : (KVARTHA) കേന്ദ്ര ഫണ്ടില്‍നിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കാൻ ആവശ്യമെങ്കില്‍ കോടതികളെ സമീപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച മൈസൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു
.ചരക്ക് സേവന നികുതി (ജിഎസ്ടി) യുക്തിസഹമാക്കിയതിനെ ആഘോഷിക്കുന്ന കേന്ദ്ര സർക്കാരിന്, രാജ്യത്ത് ജിഎസ്ടി അവതരിപ്പിച്ച് എട്ട് വർഷമായിട്ടും ആഘോഷിക്കാൻ ഒന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
3,200 കോടി രൂപയുടെ കേന്ദ്ര റീഫണ്ടിനെക്കുറിച്ച് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു: ‘കേന്ദ്ര ഗ്രാന്റിന്റെ 17 മുതല്‍ 18 ശതമാനം വരെ യുപിക്ക് ലഭിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് 3.5 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് ന്യായമാണോ? അത് തിരുത്താൻ ഞങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്’.
കർണാടകയില്‍നിന്ന് എല്ലാ വർഷവും 4.5 ലക്ഷം കോടി രൂപ കേന്ദ്രത്തിലേക്ക് നികുതിയായി പോകുന്നു. എന്നാല്‍ സംസ്ഥാനത്തിന് 14 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് പണം പിടിച്ചുവെക്കണമെന്ന് ഞാൻ പറയുന്നില്ല. ന്യായമായ രീതിയില്‍ കേന്ദ്രം അത് പിരിക്കണമെന്നാണ് എന്റെ നിലപാട്’, അദ്ദേഹം വ്യക്തമാക്കി.
ഇത് മനഃപൂർവമാണോ എന്ന ചോദ്യത്തിന്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ കർണാകക്ക് പ്രത്യേക ഗ്രാന്റുകള്‍ ശുപാർശ ചെയ്തിരുന്നുവെന്നും എന്നാല്‍ കേന്ദ്രം, പ്രത്യേകിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ, അത് റദ്ദാക്കിയതായും സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ, പതിനഞ്ചാം ധനകാര്യ കമ്മീഷൻ കർണാടകക്ക് 4,590 കോടി രൂപ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ക്ക് നല്‍കിയില്ല. ഇതിനുപുറമെ, തടാക പുനരുജ്ജീവനത്തിന് 3,000 കോടി രൂപ, ബെംഗളൂരുവിന് ചുറ്റുമുള്ള പെരിഫറല്‍ റിംഗ് റോഡിന് 3,000 കോടി രൂപ, അപ്പർ ഭദ്ര പദ്ധതിക്ക് 5,400 കോടി രൂപ എന്നിവയും ഞങ്ങള്‍ക്ക് നിഷേധിച്ചു. ‘ഇത് മനഃപൂർവമല്ലേ?’ അദ്ദേഹം ചോദിച്ചു.
കർണാടകയ്ക്ക് 11,490 കോടി രൂപയും കൂടാതെ 5,000 കോടി രൂപ കൂടി ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ഇത് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.