ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ നവരാത്രിയോടനുബന്ധിച്ച് ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ. ശിവകുമാറിന്റെ ബന്ധുകൂടിയായ എച്ച്.ഡി. രംഗനാഥാണ് ഉപവസിച്ചത്.തന്റെയും കുടുംബത്തിന്റെയും നന്മയ്ക്കും ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് ഉപവാസം നടത്തിയതെന്ന് രംഗനാഥ് പറഞ്ഞു. ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രംഗനാഥിന് പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.നവരാത്രിയുടെ ആദ്യ നാലുദിവസം താൻ പൂർണമായും ഉപവസിച്ചെന്നും എന്നാൽ, പിന്നീട് തളർച്ച കഠിനമായതോടെ രാത്രിയിൽമാത്രം പഴങ്ങൾ കഴിച്ചെന്നും രംഗനാഥ് വെളിപ്പെടുത്തി
.കർണാടകത്തിലെ മുഖ്യമന്ത്രിസ്ഥാനമാറ്റംസംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയതിന് രംഗനാഥിനും മുൻ എംപി എൽ.ആർ. ശിവരാമ ഗൗഡയ്ക്കുമാണ് കെപിസിസി അച്ചടക്കസമിതി കഴിഞ്ഞദിവസം കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.ഇരുനേതാക്കളുടെയും പ്രസ്താവനയെത്തുടർന്ന് കർണാടക കോൺഗ്രസിൽ വീണ്ടും അധികാരമാറ്റചർച്ച സജീവമായി.മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചുവർഷം പൂർത്തിയാക്കുമെന്നാണ് സിദ്ധരാമയ്യ ഇതിനോട് പ്രതികരിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും സിദ്ധരാമയ്യയെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.