Home Featured സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രിയായി തുടരും; നേതൃമാറ്റ ചര്‍ച്ചകള്‍ തളളി സിദ്ധരാമയ്യ

സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രിയായി തുടരും; നേതൃമാറ്റ ചര്‍ച്ചകള്‍ തളളി സിദ്ധരാമയ്യ

by admin

കര്‍ണാടകയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തളളി മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിന്‍റെ കാലാവധി കഴിയുംവരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനായി സിദ്ധരാമയ്യ ഒഴിയുമെന്ന തരത്തില്‍ വന്ന വാര്‍ത്തകളോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. നവംബറില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എല്‍ആര്‍ ശിവരാമെ ഗൗഡ പറഞ്ഞിരുന്നു. ദസറ ആഘോഷങ്ങള്‍ക്കായി മൈസുരുവിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

മാധ്യമങ്ങളോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.’നവംബറില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ആളുകള്‍ പറയുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തുതന്നെയായാലും അനുസരിക്കണം. ഞാന്‍ രണ്ടാംതവണ മുഖ്യമന്ത്രിയാകില്ലെന്ന് ആളുകള്‍ പ്രവചിച്ചിരുന്നു. പക്ഷെ ഞാന്‍ മുഖ്യമന്ത്രിയായി. എന്റെ കാറില്‍ കാക്ക ഇരുന്നത് ദുശ്ശകുനമാണെന്നും ഞാന്‍ മുഖ്യമന്ത്രിയായി തുടരില്ലെന്നും പലരും പറഞ്ഞു. ഞാന്‍ ബജറ്റ് അവതരിപ്പിക്കില്ലെന്നും പറഞ്ഞു. പക്ഷെ ഞാന്‍ അതും ചെയ്തു. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. ഇനി രണ്ടര വര്‍ഷം കൂടിയുണ്ട്. ഇനിയും രണ്ടരവര്‍ഷം കൂടി അധികാരത്തില്‍ തുടരും’: സിദ്ധരാമയ്യ പറഞ്ഞു.

2023-ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടര വര്‍ഷത്തിനുശേഷം അധികാരം കൈമാറാമെന്ന വ്യവസ്ഥയിലാണ് സിദ്ധരാമയ്യയ്ക്ക് ആദ്യം അവസരം നല്‍കിയത്. ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് സര്‍ക്കാരിന്റെ കാലാവധി കഴിയുംവരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം.

You may also like

error: Content is protected !!
Join Our WhatsApp Group