വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരുവില്‍ അറസ്റ്റില്‍.ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് അഭയ് വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു വയസുള്ള മകള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ അഭയ് മാത്യു തന്നോട് അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേർപ്പെടുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. താൻ ഗർഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ച് മുങ്ങിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.
മകള്‍ക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നല്‍കി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭർത്താവുമായുള്ള അകല്‍ച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നല്‍കുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി.
നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.നേരത്തേ, യുവതി പരാതി നല്‍കിയതിന് പിന്നാലെയും അഭയ് മാത്യു തന്റെ ഭാഗം വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടിരുന്നു. വസ്തുതർക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്.
യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്.ഭർത്താവില്‍ നിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് വിവാഹമോചനം നേടിയ യുവതിക്ക് സാമ്ബത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് മകള്‍ക്ക് ബാറ്റു വാങ്ങുന്നതുമായി ബന്ധപ്പെട്ട് പരിശീലകനായ അഭയ് വി മാത്യുവുമായി യുവതി പരിചയത്തിലാകുന്നത്. സാമ്ബത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ അഭയ് 2000 രൂപ നല്‍കുകയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.
ആം ആദ്മി പാർട്ടിയുമായും പോലീസുമായും തനിക്ക് ബന്ധമുണ്ടെന്നും വിവാഹമോചന നടപടികളില്‍ സഹായിക്കാമെന്നും അഭയ് യുവതിയോട് പറഞ്ഞിരുന്നു. വിവാഹമോചനം പൂർത്തിയാകുന്നതുവരെ ഒരു വീട്ടില്‍ തന്നെ താമസിപ്പിച്ചതായും യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേർപ്പെട്ട അഭയ് മാതാപിതാക്കളുടെ സമ്മതം ലഭിച്ചാലുടൻ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കാലതാമസം വരുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഗർഭം സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച അഭയ് തന്റെ ഫോണും വസ്ത്രങ്ങളുമായി വീട് വിട്ടുവെന്നും അയല്‍ക്കാർ മാതാപിതാക്കളോടൊപ്പം സാധനങ്ങളുമായി പോയെന്ന് അറിയിച്ചുവെന്നും യുവതി പറഞ്ഞു.
പരാതി നല്‍കാൻ പോയപ്പോള്‍ പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തതായും യുവതി ആരോപിച്ചു. തനിക്ക് പിന്തുണയില്ലാത്തതുകൊണ്ടാണ് നടപടിയെടുക്കാൻ മടിച്ചതെന്നും, ഗർഭിണിയായിരിക്കുന്ന അവസ്ഥയില്‍ പൊലീസ് കൂടുതല്‍ ബുദ്ധിമുട്ടിച്ചെന്നും അവർ പറഞ്ഞു. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഇന്നും ആവർത്തിച്ച മാത്യു യുവതി പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ ഏതാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.