റോഡുകളുടെ ശോചനീയാവസ്ഥ രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡില്‍വരെ കുഴികള്‍ കാണാമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ബെംഗളൂരുവിലെ റോഡുകള്‍ തകർന്നതില്‍ സംസ്ഥാന സർക്കാരിനെതിരേ വിമർശനമുയർന്നതോടെയാണ് കർണാടക ഉപ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്തെത്തിയത്. കനത്ത മഴയ്ക്കിടെയും ദിനംപ്രതി നഗരത്തിലെ റോഡുകളിലെ ആയിരക്കണക്കിന് കുഴികളാണ് അടച്ചതെന്നും അദ്ദേഹം പറഞ്ഞു.’കഴിഞ്ഞ ദിവസം ഞാൻ ഡല്‍ഹിയില്‍ പോയി.
അവിടെ പ്രധാനമന്ത്രിയുടെ വസതിയുടെ റോഡില്‍ എത്ര കുഴികളുണ്ടെന്ന് മാധ്യമങ്ങള്‍ നോക്കണം. മോശം റോഡുകള്‍ രാജ്യവ്യാപകമായ പ്രശ്‌നമാണ്. ഈ കുഴികള്‍ എല്ലായിടത്തും ഉണ്ടെന്നാണ് എനിക്ക് വലിയ ഐടി കമ്ബനികളോടും പറയാനുള്ളത്. പക്ഷേ, അത് അടയ്ക്കാനുള്ള ഞങ്ങളുടെ കടമ ഞങ്ങള്‍ നിർവഹിക്കും. ഇത് ഇന്ത്യ മുഴുവനുമുള്ള ഒരു സിസ്റ്റമാണ്. പക്ഷേ, ഇത് കർണാടകയില്‍ മാത്രമുള്ളതാണെന്ന് മാധ്യമങ്ങള്‍ വിചാരിക്കുന്നു. ബിജെപി നല്ല രീതിയില്‍ ഇതെല്ലാം കൈകാര്യം ചെയ്‌തെങ്കില്‍ എന്തുകൊണ്ടാണ് ഈ റോഡുകളെല്ലാം ഇങ്ങനെയായത്.” ശിവകുമാർ ചോദിച്ചു.
ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ളവർ സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കുഴികളുടെ നഗരമെന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമി ബെംഗളൂരുവിനെ വിശേഷിപ്പിച്ചത്. അതിനിടെ ലോജിസ്റ്റിക് കമ്ബനിയായ ബ്ലാക്ക്ബക്കും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരിച്ചിരുന്നു.
ഔട്ടർ റിങ് റോഡിന്റെ മോശം അവസ്ഥ കാരണം കമ്ബനി മറ്റൊരിടത്തേക്ക് മാറ്റുമെന്നായിരുന്നു ബ്ലാക്ക്ബക്ക് പറഞ്ഞിരുന്നത്. എന്നാല്‍, ബെംഗളൂരു വിടുമെന്ന കമ്ബനികളുടെ ഭീഷണിയില്‍ ആശങ്ക വേണ്ടെന്നായിരുന്നു കർണാടക ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. നവംബറിനുള്ളില്‍ റോഡിലെ കുഴികളടയ്ക്കാൻ കരാറുകാർക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും നഗരത്തിലെ റോഡ് നവീകരണത്തിനും പ്രവൃത്തികള്‍ക്കുമായി 1100 കോടി രൂപ അനുവദിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു.