Home Featured വന്ദേഭാരത് ഇഴഞ്ഞുനീങ്ങുന്നു; രാജ്യത്ത് വേഗത കുറഞ്ഞ ട്രെയിന്‍ ബെംഗളൂരു വഴി

വന്ദേഭാരത് ഇഴഞ്ഞുനീങ്ങുന്നു; രാജ്യത്ത് വേഗത കുറഞ്ഞ ട്രെയിന്‍ ബെംഗളൂരു വഴി

by admin

ബെംഗളൂരു: ആഡംബരവും വേഗതയും സമം ചേര്‍ത്ത് വന്ന ട്രെയിന്‍ ആയിരുന്നു വന്ദേഭാരത് എക്‌സ്പ്രസ്. വന്ദേ മെട്രോയും വന്ദേഭാരതും കടന്ന് വന്ദേഭാരത് സ്ലീപ്പര്‍ വരെ എത്തിയെങ്കിലും ഇഴഞ്ഞു നീങ്ങുന്ന ഒരു വന്ദേഭാരത് നമ്മുടെ നാട്ടിലുണ്ട്. അതിവേഗ യാത്ര ആസ്വദിക്കാം എന്നു കരുതി ഈ ട്രെയിനില്‍ കയറിയാല്‍ ലക്ഷ്യമെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരും.രാജ്യത്തെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ പരമാവധി വേഗത 180 കിലോമീറ്ററാണ്. എങ്കിലും ഈ വേഗതയില്‍ വന്ദേഭാരത് ഒരിടത്തും സര്‍വീസ് നടത്തുന്നില്ല. 160 വരെ വേഗതയില്‍ വന്ദേഭാരത് സര്‍വീസ് നടത്തുമെന്ന് റെയില്‍വെ പറയുമെങ്കിലും മിക്ക വന്ദേഭാരതിന്റെയും വേഗത 130 കിലോമീറ്ററില്‍ താഴെയാണ്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ വേഗതയിലാണ് ഒരു വന്ദേഭാരത് പോകുന്നത്….

കര്‍ണാടകയിലെ മൈസൂരുവിനും തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആണ് ഇഴഞ്ഞുനീങ്ങുന്നത്. ബെംഗളൂരു വഴിയാണ് ഈ ട്രെയിന്‍ കടന്നുപോകുക. മണിക്കൂറില്‍ 75 മുതല്‍ 77 വരെ കിലോമീറ്റര്‍ വേഗതയിലാണ് യാത്ര. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ അല്‍പ്പം വേഗതയുണ്ട് എന്നു മാത്രം.

മൈസൂരു-ചെന്നൈ റൂട്ടില്‍ ബെംഗളൂരു വഴി കടന്നുപോകുന്ന ശതാബ്ദി എക്‌സ്പ്രസ് 7.15 മണിക്കൂര്‍ കൊണ്ടാണ് ലക്ഷ്യത്തിലെത്തുന്നത്. വന്ദേഭാരത് 6.40 മണിക്കൂര്‍ കൊണ്ടും. ഏകദേശം 35 മിനുട്ട് മാത്രം നേരത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് എത്തുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യം അവതരിപ്പിച്ച വന്ദേഭാരതുകളില്‍ ഒന്നാണിത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞതും ഈ ട്രെയിന്‍ ആണ്.വളവുള്ള റെയില്‍ പാതയിലൂടെ കടന്നുപോകുമ്പോള്‍ വേഗത കുറയും. ഇത്തരം റൂട്ടില്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. വേഗത കൂട്ടണം എങ്കില്‍ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. മൈസൂരു പാതയില്‍ വളവുകള്‍ നികത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ടാണ് വേഗത കുറച്ച് സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിസിനസുകാരും ഉദ്യോഗസ്ഥരുമാണ് മൈസൂരു-ചെന്നൈ റൂട്ടിലെ പ്രധാന യാത്രക്കാര്‍. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 336 കിലോമീറ്റര്‍ ആണ്. ഈ ദൂരം ഓടിയെത്താന്‍ 4.30 മണിക്കൂര്‍ ആണ് എടുക്കുന്നത്. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് 6.40 മണിക്കൂറും. ചെന്നൈ-ബെംഗളൂരു റൂട്ടില്‍ വേഗതയ്ക്ക് കുറവില്ല. പിന്നീടാണ് വേഗത കുറയുന്നത് എന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ന്യൂഡല്‍ഹി-വരാണസി റൂട്ടില്‍ 95 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് പോകുന്നത്. മുംബൈ സെന്‍ട്രല്‍-ഗാന്ധി നഗര്‍ റൂട്ടില്‍ 90 കിലോമീറ്റര്‍ വേഗതയിലും. ഈ റൂട്ടിലെ ചില ഭാഗങ്ങളില്‍ വേഗത വര്‍ധിപ്പിക്കുന്നുമുണ്ട്. ട്രാക്കുകളിലെ വളവുകള്‍, അറ്റക്കുറ്റപ്പണികള്‍ എന്നിവയെല്ലാമാണ് വേഗത കുറയാന്‍ കാരണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാളങ്ങളിലെ വളവ് ഒഴിവാക്കാനുള്ള ശ്രമങ്ങളും റെയില്‍വെ നടത്തുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group