ബെംഗളൂരു: നാലാം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ നമ്മ മെട്രോ യെല്ലോ ലൈനിലെ കാത്തിരിപ്പ് സമയം 19 മിനിട്ടായി കുറഞ്ഞു. നേരത്തേ 25 മിനിട്ടിന്റെ ഇടവേളയിലായിരുന്നു സര്‍വീസ്. ബുധനാഴ്ച മുതല്‍ 19 മിനിട്ട് കൂടുമ്പോള്‍ ട്രെയിന്‍ ലഭ്യമാണ്. കാത്തിരിപ്പ് സമയം കുറഞ്ഞത് ദിനംപ്രതി ഈ പാത ഉപയോഗിക്കുന്ന അറുപതിനായിരത്തോളം പേര്‍ക്ക് ഏറെ ആശ്വാസകരമാണ്.
ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പാത ഉദ്ഘാടനം ചെയ്തത്. 11 മുതല്‍ മൂന്ന് ട്രെയിനുകളുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിന്റെ ഇരട്ടി അതായത്, 60,000ലേറെ പേര് ദിവസവും സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയതോടെ സ്റ്റേഷനുകളിലും ട്രെയിനുകളിലും വന്‍ തിരക്കായിരുന്നു.ഇതോടെ പല സ്റ്റേഷനുകളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കേണ്ടിയും വന്നു.
കൂടാതെ ഒരു ട്രെയിന്‍ പോയാല്‍ അടുത്തതിനായി 25 മിനിട്ട് കാത്തിരിക്കേണ്ടതുണ്ടായിരുന്നു. ഈ കാലതാമസം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മെട്രോയെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയായി.ഈ പ്രയാസത്തിന്, നാലാം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഇപ്പോള്‍ ഗണ്യമായ കുറവ് വന്നിരിക്കുകയാണ്. നാലാം ട്രെയിന്‍ വന്നതോടെ ബിഎംആര്‍സിഎല്ലിന് യെല്ലോ ലൈനില്‍ രാവിലെ 6 മുതല്‍ സര്‍വീസ് ആരംഭിക്കാനുമാകും.
3 ട്രെയിനുള്ളപ്പോള്‍ 6.30നായിരുന്നു സര്‍വീസ് തുടങ്ങിയത്. അതേസമയം ഞായറാഴ്ചകളില്‍ നിലവിലെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. രാവിലെ 7 നായിരിക്കും സര്‍വീസ് ആരംഭിക്കുക. അവസാന ട്രെയിനിന്റെ സമയക്രമത്തിലും മാറ്റമുണ്ടാകില്ല. ആര് വി റോഡില്‍ നിന്ന് രാത്രി 11:55നും ബൊമ്മസാന്ദ്രയില്‍ നിന്ന് രാത്രി 10:42നുമാണ് അവസാന ട്രെയിന്‍ പുറപ്പെടുക.
നാലാമത്തെ ട്രെയിന്‍ സെറ്റ് പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി സെപ്റ്റംബര്‍ 10 ആയിരുന്നു. നിര്‍ബന്ധിത 750 കിലോമീറ്റര്‍ മെയിന്‍ ലൈന്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ട്രയല്‍ റണ്‍ നടത്തി. 19 മിനിട്ടിന്റെ ഇടവേളയെന്നതും കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്’ – ബിഎംആര്‍സിഎല്ലിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ : ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്ററാണ് യെല്ലോ ലൈന്‍. ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. ആര്‍വി റോഡ്, രാഗിഗുദ്ദ, ജയദേവ് ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന് കോനപ്പന അഗ്രഹാര, ഹുസ്കൂര്‍ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര തുടങ്ങിയവയാണ് സ്റ്റേഷനുകള്‍.പ്രതിദിനം അറുപതിനായിരം യാത്രികരാണ് നിലവില്‍ ഈ പാത ഉപയോഗിക്കുന്നത്. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ ഏകദേശം 80 മിനിട്ടാണ് എടുക്കുന്നത്. അടുത്ത വര്‍ഷം 15 ട്രെയിനുകളോടെ യെല്ലോ ലൈന്‍ പൂര്‍ണ സജ്ജമാകും. ഈ പാതയില്‍ പരമാവധി യാത്രാ നിരക്ക് 90 രൂപയും കുറഞ്ഞത് 10 രൂപയുമാണ്.