കർണാടകയിലെ മാണ്ഡ്യയില്‍ വർഗീയ സംഘർഷം. ചില ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 21 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കൂടുതല്‍ പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ ആരാധനാലയങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷമായി അത് മാറി. തുടർന്ന് എസ്പി മല്ലികാർജുൻ ബലദന്ദി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നല്കി. സമാധാനാന്തരീക്ഷം തകർക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. അതിനിടെ കോലാറില്‍ നബിദിന ഘോഷയാത്രയ്ക്കിടെ പാലസ്തീൻ പതാക വീശിയതില്‍ ബംഗാർപേട്ട് പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു