ബെംഗളൂരു: ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമായ നമ്മ മെട്രോ യെല്ലോ ലൈന്‍, മേഖലയുടെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നതിന്റെ സൂചനകള്‍ പുറത്ത്. യെല്ലോ ലൈന്‍ കടന്നുപോകുന്ന മേഖലകളില്‍ റിയല്‍ എസ്റ്റേറ്റ് വികസനം വന്‍ കുതിപ്പാണ് കൈവരിക്കുന്നത്. ബൊമ്മസാന്ദ്ര, ഇലക്ട്രോണിക്സ് സിറ്റി, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഇത് ബിടിഎം ലേഔട്ട്, കുഡ്ലു ഗേറ്റ് മേഖലകളെ സ്വാധീനിച്ചുവരികയുമാണ്. ബെംഗളൂരുവിന്റെ പ്രധാന ഐടി-വ്യവസായ ഹബ്ബുകളിലേക്ക് ഇവിടങ്ങളില്‍ നിന്ന് 30-45 മിനിട്ടിനുള്ളില്‍ എത്താമെന്നതാണ് വീടുകളുടെ വില്‍പ്പനയിലും വാടകയടിസ്ഥാനത്തിലുള്ള വിതരണത്തിലും വളര്ച്ചയുണ്ടാക്കിയിരിക്കുന്നത്. കൂടാതെ ജയദേവ് ഇന്റര്‍ചേഞ്ച് ഒരു പ്രധാന ഗതാഗത കേന്ദ്രമായി ഉയര്‍ന്നുവരികയുമാണ്.ഇത് വ്യാപാര മേഖലയുടെ വികസനത്തിനും വഴിയൊരുക്കുന്നു. നേരത്തേ നഗരത്തില്‍ നിന്ന് 25 കിലോമീറ്ററിലധികം അകലെയുള്ള ബൊമ്മസാന്ദ്ര പോലുള്ള സ്ഥലങ്ങള്‍ താമസത്തിനായി തെരഞ്ഞെടുക്കാന്‍ ആളുകള്‍ മടിച്ചിരുന്നു. ഗതാഗതക്കുരുക്കും ഏറെ സമയം യാത്രയ്ക്ക് അനിവാര്യമായി വരുന്നതും കാരണമായിരുന്നു ഇത്.
എന്നാല്‍ യെല്ലോ ലൈന്‍ യാഥാര്‍ഥ്യമായതോടെ വേഗത്തിലുള്ള യാത്ര സാധ്യമാവുകയാണ്. കൂടാതെ ബെംഗളൂരുവിന്റെ മറ്റ് പ്രധാന കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഇവിടെ താങ്ങാവുന്ന വിലയ്ക്കും വാടകയ്ക്കും വീടുകള്‍ ലഭ്യവുമാണ്. കൂടാതെ മേഖലയില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അതിനാല്‍ ആളുകള്‍ ഈ മേഖല തെരഞ്ഞെടുക്കുകയും വീടുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്യുന്നു
ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍,: ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്ററാണ് യെല്ലോ ലൈന്‍. ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. ആര്‍വി റോഡ്, രാഗിഗുദ്ദ, ജയദേവ് ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന് കോനപ്പന അഗ്രഹാര, ഹുസ്കൂര്‍ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര തുടങ്ങിയവയാണ് സ്റ്റേഷനുകള്‍.
മൂന്ന് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. 25 മിനിട്ട് ഇടവിട്ടാണ് ഇപ്പോള്‍ ട്രെയിനുകളുള്ളത്. നാലാം ട്രെയിന്‍ നിലവില്‍ പരീക്ഷണയോട്ടം നടത്തിവരികയുമാണ്. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ ഏകദേശം 80 മിനിട്ടാണ് എടുക്കുന്നത്. പ്രതിദിനം അറുപതിനായിരം യാത്രികരാണ് നിലവില്‍ ഈ പാത ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷത്തോടെ 15 ട്രെയിനുകളോടെ യെല്ലോ ലൈന്‍ പൂര്‍ണ സജ്ജമാകും. ഈ പാതയില്‍ പരമാവധി യാത്രാ നിരക്ക് 90 രൂപയും കുറഞ്ഞത് 10 രൂപയുമാണ്.