ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലില്‍ ലൈബ്രറി ക്ലർക്കായി നിയമിച്ചു.രേവണ്ണയ്ക്ക് ദിവസേന 522 രൂപ വേതനം ലഭിക്കും.മറ്റ് തടവുകാർക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, കടമെടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകള്‍ എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജയില്‍ നിയമങ്ങള്‍ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്യേണ്ടതുണ്ടെന്നും അവരുടെ കഴിവും താല്പര്യവും അനുസരിച്ചാണ് ജോലികള്‍ നല്‍കുന്നതെന്നും ഒരു ജയില്‍ ഉദ്യോഗസ്ഥ പിടിഐയോട് പ്രതികരിച്ചു.ഭരണനിർവഹണ വിഭാഗത്തില്‍ ജോലി ചെയ്യാൻ രേവണ്ണ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ അധികൃതർ അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നുവെന്നാണ് വിവരം. സാധാരണയായി തടവുകാർ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യേണ്ടതുണ്ട്.
മാസത്തില്‍ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരും.വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്ത കേസില്‍ ഓഗസ്റ്റ് മാസത്തിലാണ് രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രേവണ്ണ ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു പെൻ ഡ്രൈവ് പ്രചരിച്ചതോടെയാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ പുറത്തുവന്നത്.തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായിരുന്നു രേവണ്ണ.
ബിജെപിയും ജെഡി(എസ്)ഉം സംയുക്തമായാണ് രേവണ്ണയ്ക്ക് സ്ഥാനാർഥിത്വം നല്‍കിയത്. തന്നെ ഉള്‍പ്പെടുത്തിയ “അശ്ലീല വീഡിയോകള്‍” മോർഫ് ചെയ്തതാണെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും രേവണ്ണ അവകാശപ്പെട്ടിരുന്നു.