കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ടൊയോട്ട ഫോർച്യൂണർ കാറിനെതിരെ ഏഴ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി.സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകള്‍ ആണ് മോട്ടോർ വാഹന വകുപ്പ് അയച്ചത്. ഇതേതുടർന്ന് സിദ്ധരാമയ്യയ്ക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി. ബെംഗളൂരുവിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം, 2024 ന്റെ തുടക്കം മുതല്‍ 7 നോട്ടീസുകള്‍ ആണ് അയച്ചത്. എന്നാല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചതായാണ് റിപ്പോർട്ട്.
കർണാടകയില്‍ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാൻ അടുത്തിടെ സർക്കാർ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് 7 വട്ടം ഗതാഗത നിയമങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നോട്ടീസ് അയച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ആറ് നോട്ടീസ്. ഔദ്യോഗിക വാഹനമായ ഫോർച്യൂണറിന്റെ മുൻ സീറ്റില്‍ സിദ്ധരാമയ്യ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയില്‍ യാത്ര ചെയ്തതിനാണ് മറ്റൊരു നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച സംഭവം ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ നിറഞ്ഞിരുന്നു. സർക്കാർ ഇളവ് മുതലാക്കി പിഴയടയ്ക്കു എന്നായിരുന്നു പരിഹാസങ്ങള്‍. ഇതിന് പിന്നാലെയാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാല്‍ 7 നോട്ടീസുകള്‍ക്കും കൂടി 2500 രൂപയാണ് അടച്ചത്.
സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പുറമേ, ജൂലൈ 9 നാണ് കെംപഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട് എക്സ്പ്രസ് കോറിഡോറില്‍ വച്ച് മുഖ്യമന്ത്രിയുടെ കാർ അമിത വേഗതയില്‍ പാഞ്ഞത്. പിഴ അടച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് നിരവധി പേർ രംഗത്തെത്തി. നിയമവ്യവസ്ഥ തനിക്കും ബാധകം ആണെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത് എന്ന് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. എന്തായാലും ട്രാഫിക് നിയമലംഘനങ്ങള്‍ വ്യാപകമായ ബംഗളുരുവില്‍ കർശന നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.