കര്ണാടകയില് തദ്ദേശ തെരഞ്ഞെടുപ്പുകളില് ഇവിഎമ്മിന് പകരം (ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്) പേപ്പര് ബാലറ്റുകള് ഉപയോഗിക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനത്തിന് പിന്നാലെ ഭരണ-പ്രതിപക്ഷ വാഗ്വാദം.മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും, ഇവിഎമ്മില് വിശ്വാസമില്ലെങ്കില് അതിലൂടെ തെരഞ്ഞെടുത്ത കോണ്ഗ്രസ് എംഎല്എമാര് രാജിവെക്കണമെന്നും കര്ണാടക ബിജെപി ആവശ്യപ്പെട്ടു.എന്നാല് ഇവിഎമ്മിലോ, ബാലറ്റിലോ തിരഞ്ഞെടുപ്പ് നടത്താമെന്ന് നിയമം നിലവിലുണ്ടെന്നും, ബിജെപി എന്തിനാണ് ബാലറ്റ് പേപ്പറിനെ പേടിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര് തിരിച്ചടിച്ചു.”
ഇത് കര്ണാടക സര്ക്കാരിന്റെ തീരുമാനമാണ്, ബിജെപി എന്തിനാണ് ആശങ്കപ്പെടുന്നത്? ബാലറ്റ് ഉപയോഗിച്ചോ, ഇവിഎമ്മുകള് ഉപയോഗിച്ചോ തിരഞ്ഞെടുപ്പുകള് നടത്താമെന്നാണ് നിയമം. അത് സര്ക്കാരുകള്ക്ക് തീരുമാനിക്കാം. ബിജെപി അധികാരത്തിലിരുന്നപ്പോഴും ഇതേ നിയമം നിലവിലുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില് ബാലറ്റ് പേപ്പര് ഉപയോഗിക്കാനാണ് ഞങ്ങളുടെ സര്ക്കാര് തീരുമാനിക്കുന്നത്,’ ഡികെ ശിവകുമാര് പറഞ്ഞു.കൂടാതെ പാര്ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അവര്ക്ക് ഇഷ്ടമുള്ള ഏത് തീരുമാനവും എടുക്കട്ടെയെന്നും, സംസ്ഥാന സര്ക്കാര് തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രമാണെന്നും ഡികെ കൂട്ടിച്ചേര്ത്തു.
അതേസമയം മന്ത്രിസഭയുടെ നീക്കത്തിന് പരിധിയുണ്ടെന്നും ഡികെ ശിവകുമാര് ചൂണ്ടിക്കാട്ടി.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില് ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകള് ഉപയോഗിക്കണമെന്ന് ശിപാര്ശ ചെയ്യാന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില് ചേര്ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്ക്ക് തിരികൊളുത്തിയത്. മന്ത്രി സഭയുടെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി.
ഇവിഎമ്മില് വിശ്വാസമില്ലെങ്കില് അതിലൂടെ തിരഞ്ഞെടുക്കപ്പെട്ട 136 കോണ്ഗ്രസ് എംഎല്മാരും, ഒന്പത് എംപിമാരും രാജിവെക്കട്ടേ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ബിവൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല് ക്രമക്കേടുകള് നടക്കുന്നത് ബാലറ്റ് പേപ്പറുകളിലാണെന്നാണ് ബിജെപി വാദം. ബൂത്ത് അക്രമവും, കള്ള വോട്ടിങ്ങും വ്യാപകമാക്കാനാണ് കോണ്ഗ്രസ് ബാലറ്റ് പേപ്പറിന് വേണ്ടി ആവശ്യപ്പെടുന്നതെന്നും ബിജെപി പറഞ്ഞു.