ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷന്റെ പേരുമാറ്റത്തെച്ചൊല്ലി വിവാദം. ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) എന്നത് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി(ജിബിഎ) എന്ന് മാറ്റിയതാണ് പ്രതിഷേധത്തിന് കാരണം.കന്നഡയ്ക്കുപകരം ഇംഗ്ലീഷിൽ പേരുനൽകിയതിൽ പ്രതിഷേധമറിയിച്ച് കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമേലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകി. കന്നഡ അനുകൂല സംഘടനകളും പ്രതിഷേധിച്ചു. ഇതിനിടെ കന്നഡയിൽത്തന്നെ യോജിച്ച പേര് കണ്ടെത്താൻ കഴിഞ്ഞാൽ മാറ്റാൻ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
ബിബിഎംപിയുടെ വിഭജനത്തെത്തുടർന്നാണ് പേരുമാറ്റം വേണ്ടിവന്നത്. ബിബിഎംപി വിഭജിച്ച് അഞ്ച് പുതിയ കോർപ്പറേഷനുകൾ രൂപവത്കരിക്കുകയായിരുന്നു. ബെംഗളൂരു സെൻട്രൽ, നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെയാണ് പുതിയ കോർപ്പറേഷനുകൾ രൂപവത്കരിച്ചത്. ഈ അഞ്ച് കോർപ്പറേഷനുകളെയും ഏകോപിപ്പിക്കുന്ന ഭരണസംവിധാനമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും രൂപവത്കരിക്കുകയായിരുന്നു. പുതിയ ഭരണസംവിധാനം കഴിഞ്ഞ ദിവസം നിലവിൽവന്നു. ബിബിഎംപി നെയിം ബോർഡുകൾ മാറ്റി ജിബിഐ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് എതിർപ്പുയർന്നത്.