ബെംഗളൂരു : നഗരജീവിതത്തിന്റെ തിരക്കുകൾ മാറ്റിവെച്ച്, ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തോടെ മാവേലിയെ വരവേൽക്കാൻ ബെംഗളൂരു മലയാളികൾ ഒരുങ്ങി. പൊലിമ ഒട്ടും കുറയാതെ തിരുവോണം കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. മലയാളി സംഘടനകൾ നടത്തിയ ഓണാഘോഷങ്ങളും ഓണച്ചന്തകളും ഒരുക്കങ്ങൾ എളുപ്പമാക്കി.പരിമിതമായ സൗകര്യങ്ങളിലാണെങ്കിലും വലിയ ആവേശത്തോടെയാണ് ബെംഗളൂരുവിലെ മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇത്തവണയും ഒരുക്കങ്ങളിൽ ആവേശം ദൃശ്യമായി. അത്തം മുതൽ പത്ത് ദിവസവും ഫ്ലാറ്റുകൾക്ക് മുൻപിൽ പൂക്കളമിട്ടവരുണ്ടായിരുന്നു. പൂക്കളുടെ വില വർധന കണക്കാക്കാതെ ഇവർ വർണാഭമായ പൂക്കളം തന്നെ ഒരുക്കി. ചിലർ ഉത്രാട ദിവസമാണ് പൂക്കളം ഇടാൻ ആരംഭിച്ചത്. തിരുവോണത്തിന് നഗരത്തിലെ ഒട്ടുമിക്ക മലയാളി വീടുകൾക്ക് മുൻപിലും പൂക്കളമുണ്ടാകും.ഉത്രാട ദിവസം ഓണച്ചന്തകളിൽ നാടൻ നേന്ത്രക്കായ, നാടൻ ഫലങ്ങൾ, കായ വറുത്തത്, ശർക്കരവരട്ടി എന്നിവയുടെയും കച്ചവടം പൊടിപൊടിച്ചു.
ഓണക്കോടിയുടെ വിൽപ്പനയും നടന്നു. ഓണച്ചന്തകളിൽ നടന്ന ഓണക്കോടി വിൽപ്പനയെക്കാൾ കൂടുതൽ നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടന്നു. കേരള സാരി അടക്കം തനി മലയാളി വസ്ത്രങ്ങളുടെ വിപുലമായ ശേഖരം പല പ്രധാന വസ്ത്രവ്യാപാര ഷോറൂമുകളിലും എത്തിച്ചിരുന്നു.കന്നഡിഗർ അടക്കം ഇതരഭാഷക്കാരായ സുഹൃത്തുകൾക്കും അയൽക്കാർക്കും ഓണസദ്യ നൽകുന്നതും മറുനാടൻ മലയാളികളുടെ പതിവാണ്. ഇത്തവണയും ഇതിന് മുടക്കം വരുത്തില്ലെന്ന് ബെംഗളൂരു മലയാളികൾ പറയുന്നു.
തനി കേരള സദ്യയുണ്ണാൻ കാത്തിരിക്കുന്ന സുഹൃത്തുകളെ നിരാശരാക്കാൻ കഴിയില്ല. അതിനാൽ പരമ്പരാഗത രീതിയിൽ വിഭവ സമൃദ്ധമായിട്ട് തന്നെയാണ് സദ്യ തയ്യാറാക്കുന്നതെന്നും ഇവർ പറഞ്ഞു. പൂക്കളം ഒരുക്കാൻ വിപണിയിൽ പോയി പൂക്കൾ വാങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടി ഓൺലൈനിലും പൂക്കൾ ലഭ്യമായിരുന്നു. പൂക്കളം ഒരുക്കുന്നതിനായി പല തരം പൂക്കൾ അടങ്ങിയ കിറ്റും ഓൺലൈനിൽ ഓർഡർ ചെയ്യാൻ സാധിച്ചതും തയ്യാറെടുപ്പിന് ഗുണമായി.