ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസില്‍ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവില്‍ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നവനീത് നാരായണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്.ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ് സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിനെ വില്‍ക്കാൻ വിജയലക്ഷ്മിയും ഡോ. സോമേഷും ഗൂഢാലോചന നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷിർവയിലെ കല്ലുഗുഡ്ഡെയില്‍ നിന്നുള്ള രമേശ് മൗല്യ – പ്രഭാവതി ദമ്ബതികള്‍ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബന്ധുവായ പ്രിയങ്കയാണ് ഇവരെ വിജയലക്ഷ്മിക്ക് പരിചയപ്പെടുത്തിയത്.പ്രഭാവതിയും ഭർത്താവും കുഞ്ഞിനെ അംഗൻവാടി കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.
ദമ്ബതികള്‍ക്ക് കുട്ടികളില്ലെന്നറിയാവുന്ന ജീവനക്കാർക്ക് സംശയം തോന്നി ചൈല്‍ഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു.കുഞ്ഞിനെ 4.5 ലക്ഷം രൂപക്ക് പകരമായി പ്രഭാവതിക്കും ഭർത്താവിനും കൈമാറുകയായിരുന്നെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ സ്ഥിരീകരിച്ചു.വിജയലക്ഷ്മിക്ക് നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും മംഗളൂരുവില്‍ ആശുപത്രി കാന്റീൻ നടത്തുന്നുണ്ടെന്നും എസ് പി ശങ്കർ വെളിപ്പെടുത്തി.
മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രഭാവതിയെയും ഭർത്താവിനെയും ബന്ധു പ്രിയങ്കയെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല. കാർക്കള അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.