ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാരോട് സിഐഡി ഉദ്യോഗസ്ഥർക്കുമുൻപിൽ ഹാജരാകാൻ ബെംഗളൂരു കോടതി നിർദേശംനൽകി. സെപ്റ്റംബർ നാലിനുള്ളിൽ അന്വേഷണോദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാനാണ് ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ് (57), ഭാര്യ ഷൈനി ടോമി (52) എന്നിവരോട് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിർദേശിച്ചത്. അന്വേഷണവുമായി സഹകരിക്കാനും നിർദേശംനൽകി. ഇരുവർക്കും കഴിഞ്ഞമാസം 21-ന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു.
ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് എന്ന പേരിലാണ് ഇവർ സ്ഥാപനംനടത്തിയിരുന്നത്.523 നിക്ഷേപകരെ കബളിപ്പിച്ച് 50 കോടിയിലധികം രൂപയുമായി ഇരുവരും മുങ്ങിയെന്നായിരുന്നു കേസ്. നിക്ഷേപകരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ബെംഗളൂരുവിൽനിന്ന് മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച രാമമൂർത്തി നഗർ പോലീസ് നൽകിയവിവരം. പിന്നീട് ബെംഗളൂരുവിൽ തിരിച്ചെത്തുകയായിരുന്നു. വിദേശത്തേക്ക് മുങ്ങുകയായിരുന്നില്ലെന്നും ഒരു ബന്ധുവിന്റെ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നെന്നും കോടതിയെ അറിയിച്ചതോടെയാണ് മുൻകൂർ ജാമ്യംലഭിച്ചത്.
70 ലക്ഷം രൂപ നിക്ഷേപിച്ച രാമമൂർത്തിനഗർ സ്വദേശി പി.ടി. സാവിയോ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തി. കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു.