അനധികൃത സ്വർണ്ണക്കടത്ത് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കന്നഡ നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 102.55 കോടി രൂപ പിഴ ചുമത്തി.മറ്റ് മൂന്ന് പ്രതികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്ന് ഡിആർഐ അറിയിച്ചു.ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും, ജ്വല്ലറികളായ സാഹില്‍ സക്കറിയ ജെയിൻ, ഭരത് കുമാർ എന്നിവർക്ക് 56 കോടി രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതിനായി അവർ സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി സ്വർണ്ണം കടത്തിയതിന് മാർച്ചിലാണ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിആർഐ ഉദ്യോഗസ്ഥർ അവരില്‍ നിന്ന് 14.8 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ഏകദേശം 15 ദിവസത്തിനുള്ളില്‍ അവർ ദുബായ് സന്ദർശിച്ച് നാല് തവണ സ്വർണ്ണം കടത്തിയതായി കണ്ടെത്തിയിരുന്നു.ചൊവ്വാഴ്ച ബെംഗളൂരു സെൻട്രല്‍ ജയിലില്‍ എത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മൂന്നുപേർക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി.
ഇത്രയുമധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് തങ്ങളെ സംബന്ധിച്ച് ഭഗീരഥ പ്രയത്നമായിരുന്നുവെന്ന് ഡിആർഐ വൃത്തങ്ങള്‍ പറഞ്ഞു.കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യാ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ നടിക്ക് ഒരുവർഷത്തെ തടവ് വിധിച്ചിരുന്നു.