Home Featured ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’; മലയാള സിനിമകള്‍ക്കെതിരെ പരാതി, അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്

ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’; മലയാള സിനിമകള്‍ക്കെതിരെ പരാതി, അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്

by admin

മലയാളത്തിലെ ഓണം റിലീസ് ആയി എത്തി വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ലോകയ്ക്കെതിരെ കര്‍ണാടകയില്‍ പരാതി.ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ലോകയെ കൂടാതെ ആവേശം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളും ബെംഗളൂരുവിനെ ലഹരിയുടെ ഹബ്ബായി ചിത്രീകരിച്ചുവെന്നും മലയാള സിനിമകള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിഘ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

പരാതി സിസിബി (സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്) അന്വേഷിക്കുമെന്നും പരാതിയില്‍ കഴമ്ബുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ദ് കുമാര്‍ സിംഗ് പ്രതികരിച്ചു.വിഷയത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. “കന്നഡ ചിത്രം ഭീമ, മലയാള സിനിമകളായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആവേശം, ലോക എന്നിവയില്‍ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായാണ് ബെംഗളൂരുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാലത്ത് ഒരു മനോഹര നഗരമായാണ് ബെംഗളൂരുവിനെ സിനിമകളില്‍ അവതരിപ്പിച്ചിരുന്നത്.

അനിയന്ത്രിതമായ കുടിയേറ്റം മൂലമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയിരിക്കുന്നത്”, ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കന്നഡ സംവിധായകന്‍ മന്‍സൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ചിത്രം ബെംഗളൂരുവിലെ സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ കന്നഡ ആക്റ്റിവിസ്റ്റ് രൂപേഷ് രാജണ്ണയും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ സംഭാഷണത്തില്‍ നിന്ന് ഒരു വാക്ക് നീക്കണമെന്നും കര്‍ണാടകത്തിലെ വിതരണക്കാരനായ രാജ് ബി ഷെട്ടിയോട് രൂപേഷ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കര്‍ണാടകത്തില്‍ നിന്ന് വിമര്‍ശനവിധേയമായ ഡയലോഗ് ചിത്രത്തില്‍ നിന്ന് നീക്കുമെന്ന് അറിയിച്ച്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വേഫെറര്‍ ഫിലിംസ് രംഗത്തെത്തിയിരുന്നു. സംഭാഷണത്തിന്‍റെ കാര്യത്തില്‍ നിര്‍മ്മാണ കമ്ബനി ക്ഷമാപണവും നടത്തിയിട്ടുണ്ട്.”ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വേഫെറര്‍ ഫിലിംസില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം ജനങ്ങള്‍ക്കാണ് ഞങ്ങള്‍ നല്‍കുന്നത്.

സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ചോദ്യംചെയ്യപ്പട്ടിരിക്കുന്ന സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു”, എന്നാണ് സോഷ്യല്‍ മീഡിയയില്‍ വേഫെറര്‍ ഫിലിംസ് കുറിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group