Home Featured കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; ‘ലോക’യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; ‘ലോക’യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍

by admin

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിർമാതാക്കള്‍.ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച്‌ മനഃപൂർവ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്ബനി അറിയിച്ചു.’ഞങ്ങളുടെ ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

മറ്റെല്ലാത്തിനുമുപരി, മനുഷ്യർക്കാണ് വേഫെറർ ഫിലിംസ് സ്ഥാനം നല്‍കുന്നത്. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂർവ്വം അഭ്യർഥിക്കുന്നു’- എന്നാണ് വേഫെറർ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ബെംഗളൂരുവിനെ പാർട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവർ തന്നെ ‘ലോക’യ്ക്കെതിരേ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു.പാൻ ഇന്ത്യൻ ശ്രദ്ധനേടി ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്.

കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.

You may also like

error: Content is protected !!
Join Our WhatsApp Group