Home Featured കന്നഡ-മലയാളം നിഘണ്ടുവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

കന്നഡ-മലയാളം നിഘണ്ടുവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

by admin

കന്നഡഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി തയ്യാറാക്കിയ നിഘണ്ടു ഭാഷാപ്രേമികളുടെ കൈകളിലേക്ക്.സംസ്ഥാന നികുതിവകുപ്പില്‍നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശിയായ ബി.ടി. ജയറാമാണ് ആറ് വർഷത്തെ അധ്വാനത്തിനൊടുവില്‍ ഏറെ ശ്രമകരമായ ദൗത്യം പൂർത്തീകരിച്ചത്. 1650 പേജുള്ളതാണ് നിഘണ്ടു. ഇതില്‍ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാളം ലിപിയില്‍ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാർഥങ്ങള്‍ മലയാളികള്‍ക്ക് മനസ്സിലാകുംവിധത്തിലും പ്രത്യേകിച്ച്‌ കാസർക്കോട്ടുകാർക്ക് വേണ്ടി നാടൻശൈലിയിലും മൊഴിമാറ്റി ചേർത്തിട്ടുണ്ട്.

രണ്ടുവർഷത്തോളമെടുത്താണ് മൂവായിരം പേജ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. ഇപ്പോള്‍ കന്നഡ-മലയാള നിഘണ്ടു വെളിച്ചം കാണുകയാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിർദേശപ്രകാരം കന്നഡയിലെ വാക്കുകള്‍ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ എഴുത്തുകാരൻ ഉദുമയിലെ പ്രൊഫ. എം.എ. റഹ്മാനുമാണ് പരിശോധിച്ചത്. ഇരുഭാഷകളുടെയും സങ്കലനം പ്രശസ്ത വിവർത്തകനും കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ജയറാമിന്റെ ഗുരുവുമായ കാസർകോട്ടെ കെ.വി. കുമാരനാണ് നിർവഹിച്ചത്.

കന്നഡഭാഷയ്ക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായൊരു റഫറൻസ് ഗ്രന്ഥം രചിക്കാൻ പ്രാപ്തനായ ഒരു ദ്വിഭാഷാ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സർക്കാർ സർവീസില്‍നിന്ന് വിരമിച്ച ബി.ടി. ജയറാമിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. വി. കാർത്തികേയൻ നായർ കണ്ടുമുട്ടിയത്. മാതൃഭാഷയ്ക്കൊപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യുമെന്നതിനാല്‍ നികുതി വകുപ്പില്‍നിന്ന് അന്യത്ര സേവനവ്യവസ്ഥയില്‍ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായും ജോലി ചെയ്തിരുന്നു ജയറാം.

You may also like

error: Content is protected !!
Join Our WhatsApp Group