ജീവനൊടുക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് നെറ്റ്ഫ്ലിക്സിലെ സീരീസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്.സികെ അച്ചുക്കാട്ടുവില്‍ 12 വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് ജാപ്പനീസ് ആനിമേറ്റഡ് സീരീസ് ഡെത്ത് നോട്ടിലേക്ക് അന്വേഷണം നീളുന്നത്. ഈ സീരീസ് വിദ്യാർത്ഥിയുടെ മരണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഗാന്ധാർ എന്ന 12 വയസുകാരനാണ് മരിച്ചത്.
ഓഗസ്റ്റ് മൂന്നിനാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജേഷ്ഠനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് കുട്ടി ജീവിച്ചിരുന്നത്. വീട്ടുകാരോട് കരയരുതെന്നും താൻ സ്വർഗത്തിലാണെന്നും ജീവനൊടുക്കിയത് വീട് മെച്ചപ്പെട്ട ഒരിടമാക്കി മാറ്റാനാണ് എന്നുമാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്നാണ് വിവരം.വീട്ടില്‍ കുട്ടിയുടെ മുറി പരിശോധിച്ച പൊലീസ്, ഡെത്ത് നോട്ട് സീരീസിലെ കഥാപാത്രത്തെ ചുവരില്‍ വരച്ച് വെച്ചതായി കണ്ടു. സ്കൂളിലോ വീട്ടിലോ യാതൊരു പ്രശ്നവും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്.
ഡെത്ത് നോട്ട് സീരീസിൻ്റെ കാഴ്ചക്കാരനാണെന്ന് വ്യക്തമായതോടെ കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. ഹൈസ്കൂള്‍ വിദ്യാർത്ഥിയായ ഒരു കുട്ടിക്ക് അതിമാനുഷിക ശക്തികളുള്ള ഒരു നോട്ടുപുസ്തകം കിട്ടുന്നതും തനിക്ക് വധിക്കാൻ ആഗ്രഹമുള്ളവരുടെ പേരുകള്‍ കുട്ടി പുസ്തകത്തില്‍ എഴുതുന്നതും ഇതിവൃത്തമാക്കിയുള്ളതാണ് സീരീസ്.