പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ നിര്യാണത്തില്‍ അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു.പ്രകമ്ബനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുമ്ബോള്‍ രാത്രി 8:45-ഓടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30-ന് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.സിനിമാ നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ റെഹ്നയും സിനിമാ താരമാണ്. ‘മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലെ കോയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നിയാസ് ബക്കർ സഹോദരനാണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കവെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം.
ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് കലാരംഗത്ത് സജീവമായത്. 1995-ല്‍ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മിസ്റ്റർ ആൻഡ് മിസ്സിസ്’, ‘മിമിക്സ് ആക്ഷൻ 500’, ‘ഏഴരക്കൂട്ടം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘ഹിറ്റ്ലർ ബ്രദേഴ്സ്’, ‘ബസ് കണ്ടക്ടർ’, ‘കിടിലോല്‍ കിടിലം’, ‘മായാജാലം’, ‘മീനാക്ഷി കല്യാണം’, ‘മാട്ടുപ്പെട്ടിമച്ചാൻ’, ‘അമ്മ അമ്മായിയമ്മ’, ‘മൈ ഡിയർ കരടി’, ‘ചന്ദാമാമ’, ‘വണ്മാൻ ഷോ’, ‘തില്ലാന തില്ലാന’, ‘വെട്ടം’, ‘ചക്കരമുത്ത്’, ‘ചട്ടമ്ബിനാട്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘മേരാനാം ഷാജി’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.മൃതദേഹം ഇന്ന് വൈകുന്നേരം 4:00 മുതല്‍ 5:30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദർശനത്തിന് വെക്കും.
ചെക്ക് ഔട്ട് ചെയ്യാൻ വൈകി; ഹോട്ടല്‍ മുറിയില്‍ കണ്ടത് കുഴഞ്ഞു വീണു കിടക്കുന്ന നവാസിനെ
മുറിയില്‍ കണ്ടത് കുഴഞ്ഞു വീണു കിടക്കുന്ന നവാസിനെയാണെന്ന് ഹോട്ടല്‍ ജീവനക്കാരൻ. ഷൂട്ടിംഗ് കഴിഞ്ഞ് 6.30ഓടെയാണ് നവാസ് ഹോട്ടലില്‍ എത്തിയത്.എട്ടുമണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ അറിയിച്ചെങ്കിലും വൈകിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്ബനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലായിരുന്നു നവാസ് താമസിച്ചിരുന്നത്
.ജൂലായ് 25 മുതല്‍ നവാസ് ഇവിടെ താമസിച്ചു വരികയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് പൂർത്തിയായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ന് ഒഴിയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും നവാസിന്റെ മുറിയുടെ താക്കോല്‍ കിട്ടാതെ വന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാരൻ റൂമിലെത്തി നോക്കിയത്. 9 മണിയോടെയാണ് മരണ വിവരം അറിഞ്ഞത്. ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടക്കും. മിമിക്രിയിലൂടെ കലാരംഗത്തെത്തി കലാഭവനില്‍ ചേർന്നതോടെയാണ് നവാസ് പ്രശസ്തിയിലേക്കെത്തിയത്. കലാഭവനില്‍ നിന്ന് വെള്ളിത്തിരയിലേക്കും നവാസ് എത്തി. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.