Home Featured സത്യപ്രതിജ്ഞ ചെയ്‌തത് തമിഴില്‍ ; പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ച്‌ കമല്‍ ഹാസൻ

സത്യപ്രതിജ്ഞ ചെയ്‌തത് തമിഴില്‍ ; പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ച്‌ കമല്‍ ഹാസൻ

by admin

പാർലമെന്റില്‍ അരങ്ങേറ്റം കുറിച്ച്‌ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസൻ. രാജ്യസഭാ എംപിയായി കമല്‍ ചുമതല ഏറ്റെടുത്തത് തമിഴില്‍ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ്.സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം താൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ പേര് രജിസ്‌റ്റർ ചെയ്യാൻ പോകുന്നുവെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയില്‍ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണില്‍ കമല്‍ഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കള്‍ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ചേർന്നിരുന്നു.

ഇതിന് പിന്നാലെ ലോക്‌സഭാ സീറ്റില്‍ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം രാജ്യസഭാ എംപിയായി എത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പൊതുതിരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് അദ്ദേഹത്തിന്റെ പാർട്ടി പൂർണ പിന്തുണ നല്‍കുകയും ചെയ്‌തിരുന്നു.ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ഒരുപോലെ ദ്രാവിഡമല്ലാത്ത ഒരു ബദലായി 2018ലാണ് കമലഹാസൻ എംഎൻഎം എന്ന പാർട്ടി ആരംഭിച്ചത്. എന്നാല്‍ സമീപ വർഷങ്ങളില്‍, അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തി ഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ മാറ്റം വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തേക്കാള്‍ ദേശീയ താല്‍പ്പര്യത്തിനാണെന്നാണ് അദ്ദേഹം പറയുന്നത്.ഈ വർഷം ആദ്യം, ചെന്നൈയില്‍ നടന്ന എംഎൻഎമ്മിന്റെ എട്ടാം സ്ഥാപക ദിനാഘോഷ വേളയില്‍, തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച്‌ കമല്‍ഹാസൻ കൃത്യമായ സൂചന നല്‍കിയിരുന്നു. ‘ഈ വർഷം, ഞങ്ങളുടെ ശബ്‌ദം പാർലമെന്റില്‍ കേള്‍ക്കും. അടുത്ത വർഷം, നിങ്ങളുടെ ശബ്‌ദം സംസ്ഥാന നിയമസഭയില്‍ കേള്‍ക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അഴിമതിക്കെതിരെ പോരാടല്‍, ഗ്രാമവികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് കമല്‍ ഹാസൻ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്.

തുടർന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഏകദേശം 4 ശതമാനം വോട്ട് ലഭിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പിന്നീട് സ്‌റ്റാലിനോട് അനുഭാവ പൂർണമായ നിലപാടാണ് കമല്‍ ഹാസൻ സ്വീകരിച്ചത്. എങ്കിലും തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം കൈവരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എന്നതാവും അവരുടെ ശ്രമം.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎൻഎം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ നേതാവായി കമല്‍ ഹാസൻ മുൻ നിരയില്‍ തന്നെയുണ്ടാവും. നടൻ വിജയ് രൂപീകരിച്ച ടിവികെയും മത്സര രംഗത്ത് ഉണ്ടാവുന്നതോടെ തമിഴ്‌നാട്ടില്‍ പോരാട്ടം കനക്കും.ബിജെപിയും എഐഎഡിഎംകെയും ഒരു ഭാഗത്ത് നില കൊള്ളുമ്ബോള്‍ സ്‌റ്റാലിൻ നയിക്കുന്ന ഡിഎംകെ മുന്നണി ശക്തമായി തന്നെ മത്സര രംഗത്തുണ്ടാവും എന്നതാണ് മറ്റൊരു കാര്യം. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കമലിന്റെ പാർട്ടി എത്രത്തോളം ശക്തി പ്രകടമാക്കും എന്ന് മുൻകൂട്ടി പറയാൻ കഴില്ലെങ്കിലും രാജ്യസഭയില്‍ കേന്ദ്രത്തിനെതിരെ ശക്തമായ ശബ്‌ദമായി കമലും ഉണ്ടാവും എന്നുറപ്പാണ്.

You may also like

error: Content is protected !!
Join Our WhatsApp Group