ബെംഗളൂരുവിലെ വ്യവസായിയെയും ബിജെപി യുവമോർച്ച പ്രവർത്തകനായ മകനെയും ആന്ധ്രാപ്രദേശില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.ബെംഗളൂരു കഡുഗോഡി നിവാസികളായ വീരസ്വാമി റെഡ്ഡി, മകൻ പ്രശാന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രശാന്ത് റെഡ്ഡി യുവമോർച്ചയുടെ സജീവപ്രവർത്തകനാണ്.ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കായാണ് വീരസ്വാമിയും മകനും ബെംഗളൂരുവില്‍നിന്ന് ആന്ധ്രയിലേക്ക് പോയത്.
പല്‍നാഡു നരസാരോപേട്ടിലെ ജില്ലാ കോടതിയിലായിരുന്നു കേസ്. കോടതിപരിസരത്തെ ടിഫിൻസെന്ററിന് സമീപത്തുനിന്നാണ് അക്രമികള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പിന്നീട് ശാന്തമഗുളൂരുവിന് സമീപം ഇരുവരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം.സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം, കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.