Home Featured ബെംഗളൂരു : കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; സഹപാഠികള്‍ക്കെതിരേ കേസ്

ബെംഗളൂരു : കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; സഹപാഠികള്‍ക്കെതിരേ കേസ്

by admin

ബെംഗളൂരുവില്‍ സ്വകാര്യ കോളേജ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയായ അരുണ്‍ (22) ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികള്‍ക്കെതിരെ പോലീസ് കേസെടുത്തു.സഹപാഠികളായ മൂന്നുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ആണ് കേസ് എടുത്തിരിക്കുന്നത്.ഹസന്‍ സ്വദേശിയായ അരുണിനെ ജൂലായ് 11-നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കുശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.പോലീസ് അരുണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അരുണിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ അരുണിന്റെ മാതാപിതാക്കളോട് നടത്തിയ വെളിപ്പെടുത്തലിലാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. സഹപാഠികളായ മൂന്നുപേര്‍ ക്ലാസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അരുണിനെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇട്ടിരുന്നുവെന്നായിരുന്നു കൂട്ടുകാരുടെ വെളിപ്പെടുത്തല്‍.ഇതിനെ തുടര്‍ന്നുണ്ടായ മനപ്രയാസത്തിലായിരിക്കാം മകന്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചു.

മരിക്കുന്നതിന് തൊട്ടുമുന്‍പ് അരുണ്‍ താന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോയും ക്ലാസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്നുവെന്നും എന്നാല്‍, മകന്റെ മരണശേഷമാണ് ഇതറിഞ്ഞതെന്നും മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണിന്റെ സഹപാഠികളായ മൂന്നുപേര്‍ക്ക് എതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി സഹപാഠികളെയും സുഹൃത്തുക്കളെയും കോളേജ് അധികൃതരെയും ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group