Home Uncategorized ബെംഗളൂരു: ജിഎസ്ടി നോട്ടീസ് ; സംസ്ഥാനവ്യാപകമായി കടയടച്ച് പ്രതിഷേധിക്കാൻ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നോട്ടീസ് ; സംസ്ഥാനവ്യാപകമായി കടയടച്ച് പ്രതിഷേധിക്കാൻ വ്യാപാരികൾ

by admin

ബെംഗളൂരു: ജിഎസ്ടി നോട്ടീസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി കടയടപ്പുസമരം നടത്താൻ കർണാടകയിലെ ചെറുകിട വ്യാപാരികൾ. പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകളാണ് അടയ്ക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കാനാണ് തീരുമാനം.ഇതുകൂടാതെ ബുധനാഴ്ചമുതൽ വിവിധദിവസങ്ങളിൽ ബെംഗളൂരുവടക്കം പലയിടങ്ങളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കില്ല. പാൽ വിൽപ്പനയുൾപ്പെടെ മുടങ്ങുമെന്നാണ് വ്യാപാരി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്നും നികുതി കുടിശ്ശിക അടയ്ക്കണമെന്നും കാട്ടി പച്ചക്കറിവ്യാപാരികൾക്കടക്കം വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധമുയർന്നത്. സംസ്ഥാനത്ത് 14,000-ത്തോളം വ്യാപാരികൾക്കാണ് നോട്ടീസ് ലഭിച്ചത്. യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നതിനാലാണ് നോട്ടീസ് എന്നും പ്രചരിച്ചു.ഇതോടെ ചെറുകിടവ്യാപാരികൾ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേനയുള്ള പണമിടപാട് സ്വീകരിക്കുന്നത് നിർത്തിവെച്ചു. പലകടകളിൽനിന്നും ക്യുആർ കോഡുകളും നീക്കി.

വാണിജ്യനികുതി വകുപ്പും സർക്കാരും ബോധവത്കരണവുമായെത്തിയെങ്കിലും വ്യാപാരികൾ മിക്കവരും ഇപ്പോഴും യുപിഐ മാർഗം പണമിടപാട് നടത്താൻ മടിക്കുകയാണ്. 40 ലക്ഷം രൂപയിൽക്കൂടുതൽ വിറ്റുവരവുള്ള കടകൾമാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ നേടിയാൽമതിയെന്ന് സർക്കാർ വിശദീകരിച്ചിട്ടുണ്ട്.എന്നാൽ, ഇത്രയും വിറ്റുവരവില്ലാത്തവർക്കും നോട്ടീസ് ലഭിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്. കടംവാങ്ങിയ പണമടക്കം വിറ്റുവരവായി കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.

മുൻവർഷത്തെ കുടിശ്ശികയെന്ന പേരിൽ വലിയതുക നികുതിയടയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു. ഈ വിഷയം അടുത്ത ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ടെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.ജിഎസ്ടി പിരിക്കുന്നതിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെമേൽ അമിതമായി സമ്മർദം ചെലുത്തുന്നുവെന്നാണ് സംസ്ഥാനസർക്കാരിന്റെ ആരോപണം.ജിഎസ്ടി നോട്ടീസ് പിൻവലിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group