ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാല്‍, ഇപ്പോള്‍ ഒരു 4BHK അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ച.പ്രതിമാസം 2,30,000 രൂപ വാടകയുള്ള പൂർണമായി ഫർണിഷ് ചെയ്ത 4BHK അപ്പാർട്ട്മെന്റിന് 12 മാസത്തെ വാടകയ്ക്ക് തുല്യമായ 23 ലക്ഷം രൂപയാണ് ഉടമ ഡിപ്പോസിറ്റായി ചോദിച്ചിരിക്കുന്നത്.കനേഡിയൻ ഡിജിറ്റല്‍ ക്രിയേറ്ററായ കാലെബ് ഫ്രീസൻ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് എക്സില്‍ പോസ്റ്റ് പങ്കുവെയ്ക്കുന്നതും വിഷയം ചർച്ചയാക്കുന്നതും. ‘
ബെംഗളൂരുവിലെ കെട്ടിട ഉടമകളാണ് ലോകത്തിലെ ഏറ്റവും വലിയ അത്യാഗ്രഹികള്‍. 23 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നത് അന്യായമാണ്’, അദ്ദേഹം കുറിച്ചു.ആഗോള മാനദണ്ഡങ്ങളുമായി ഈ രീതിയെ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. ന്യൂയോർക്ക് സിറ്റി, ടൊറന്റോ തുടങ്ങിയ നഗരങ്ങളില്‍ ഒരു മാസത്തെ വാടകയാണ് ഡെപ്പോസിറ്റ് തുകയായി ആവശ്യപ്പെടുന്നത് എന്നാണ് ഫ്രീസൻ പറയുന്നത്. ദുബായില്‍ ഇത് വാടകയുടെ 5% മുതല്‍ 10% വരെയും ലണ്ടനിലെ ഡെപ്പോസിറ്റ് അഞ്ച് മുതല്‍ ആറ് ആഴ്ചത്തെ വാടകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെന്നിഗാന ഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന 4,500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്മെന്റാണ് ഇത്രയുമധികം തുക ഡെപ്പോസിറ്റ് ആയി ആവശ്യപ്പെട്ടുകൊണ്ട് പരസ്യം ചെയ്തത്. പോസ്റ്റ് ചർച്ചയായതോടെ ഒട്ടേറെ പേർ വിഷയത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. വളരെ അത്യാഗ്രഹികളാണ് ഇക്കൂട്ടരെന്നും വീട് ഒഴിയുമ്ബോള്‍ ഡിപ്പോസിറ്റില്‍ നിന്ന് പരമാവധി തുക പിടിച്ചുവയ്ക്കാൻ അവർ ശ്രമിക്കുമെന്നും ഒരാള്‍ കുറിച്ചു.