Home Featured ബെംഗളൂരുവിൽ യുപിഐ ഇടപാടുകള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍,ബന്ദിന് ആഹ്വാനം

ബെംഗളൂരുവിൽ യുപിഐ ഇടപാടുകള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍,ബന്ദിന് ആഹ്വാനം

by admin

തുടർച്ചയായി ജിഎസ്ടി നോട്ടീസുകള്‍ ലഭിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ ഒരു വിഭാഗം ചെറുകിട കച്ചവടക്കാർ യുപിഐ ഇടപാടുകള്‍ നിർത്തിവെച്ചു.കറൻസി ഇടപാടുകള്‍ക്ക് മുൻഗണന നല്‍കുകയും ചെയ്തു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിന്റെ ഭാവി സംബന്ധിച്ച്‌ ഇത് ആശങ്കകളുണ്ടാക്കിയിട്ടുണ്ട്.ബെംഗളൂരു, മൈസൂരു നഗരങ്ങളിലെ ചെറുകിട കടയുടമകളും ഹോട്ടല്‍ ഉടമകളും ഓട്ടോറിക്ഷാ ഡ്രൈവർമാരുംവരെ യുപിഐ പേയ്മെന്റുകള്‍ നിരസിച്ചുതുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാടുകളുടെ നികുതി സംബന്ധിച്ച നോട്ടീസുകള്‍ വകുപ്പുകളില്‍നിന്ന് വന്നു തുടങ്ങിയതോടെയാണ് ഈ നീക്കം.

വാണിജ്യനികുതി വകുപ്പ് നല്‍കിയ ജിഎസ്ടി ഡിമാൻഡ് നോട്ടീസുകളില്‍ പ്രതിഷേധിച്ച്‌, പലചരക്ക്, ബേക്കറി, ചായ കടകള്‍ ഉള്‍പ്പെടെ കർണാടകയിലുടനീളമുള്ള ചെറുകിട വ്യാപാരികള്‍ ജൂലൈ 25-ന് സംസ്ഥാനവ്യാപകമായി കടകള്‍ അടച്ചിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.’നോട്ടീസുകള്‍ പിൻവലിക്കാൻ ഞങ്ങള്‍ ജൂലായ് 24 വരെ സംസ്ഥാന സർക്കാരിന് സമയം നല്‍കിയിട്ടുണ്ട്. പ്രതികരണമില്ലെങ്കില്‍, വ്യാപാരികള്‍ ജൂലായ്-25 ന് ബന്ദുമായി മുന്നോട്ട് പോകും. പ്രതിഷേധ സൂചകമായി, ജൂലായ് 23, 24 തീയതികളില്‍ പാല്‍ അധിഷ്ഠിത ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിർത്തിവയ്ക്കും’ കർണാടക വ്യാപാര സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

വഴിയോര കച്ചവടകാർക്ക് വരെ ലക്ഷങ്ങളുടെ നികുതി കുടിശ്ശിക സംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു.വാർഷിക യുപിഐ വിറ്റുവരവ് 40 ലക്ഷം രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്ക് ജിഎസ്ടി നോട്ടീസ് നല്‍കാനുള്ള കർണാടക വാണിജ്യ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ പ്രതിഷേധം. ബെംഗളൂരുവിലെ നിരവധി ചെറുകിട വ്യാപാരികള്‍ തങ്ങളുടെ കടകളില്‍ നിന്ന് യുപിഐ ക്യുആർ കോഡ് സ്റ്റിക്കറുകള്‍ നീക്കം ചെയ്തതായും പറയപ്പെടുന്നു.കഴിഞ്ഞ മെയ് മാസത്തെ കണക്കനുസരിച്ച്‌ യുപിഐ ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കർണാടക.മെയില്‍ രാജ്യത്തെ മൊത്തം യുപിഐ ഇടപാടുകളുടെ 7.73% സംഭാവന ചെയ്തത് കർണാടകയാണ്. മഹാരാഷ്ട്രയാണ് മുന്നില്‍. 13.19% ഇടപാടുകളാണ് മഹാരാഷ്ട്രയില്‍ നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group