മൈസൂരു : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് വ്യാഴാഴ്‌ച രാത്രിയായിട്ടും ശമനമായില്ല. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശമാണ്. കൊപ്പാൾ ജില്ലയിൽ വീട് തകർന്നുവീണ് രണ്ടുവയസ്സുകാരി മരിച്ചു. വ്യാഴാഴ്ച്‌ച രാവിലെയുണ്ടായ കനത്തമഴയിൽ വീട് തകർന്ന് രണ്ട് വയസ്സുകാരിയായ പ്രശാന്തി ആണ് മരിച്ചത്.അപകടത്തിൽ വീട്ടിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. പ്രാന്തിയുടെ അമ്മ ഹനുമതി (28), ബന്ധുക്കളായ ദുരാഗമ്മ (65), ഭീമമ്മ (19), ഹുസെനപ്പ (48), കീരപ്പ എന്നിവർക്കാണ് പരിക്കേറ്റത്.
ഗംഗാവതി താലൂക്കിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്.കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വ്യാഴാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി നൽകി. കുടക് ജില്ലയിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്നു. മടിക്കേരിയിൽ ജനുവരി മുതലുള്ള എറ്റവും കൂടുതൽ ശരാശരി മഴയാണ് രണ്ട് ദിവസങ്ങളിലായി ലഭിച്ചത്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്.
ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പബ്വെൽ ജങ്ഷൻ എന്നിവയുൾപ്പെടെ ഒട്ടേറെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സുബ്രഹ്മണ്യ -കഡബ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൻമരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരം വീണ് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.എൻഎച്ച് 75ൽ കൗക്രഡി ഗ്രാമത്തിനടുത്തുള്ള മന്നഗുണ്ടിയിൽ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് മംഗളൂരു -ബെംഗളൂരു റൂട്ടിൽ വ്യാഴാഴ്‌ച രാവിലെ ഗതാഗതം സ്തംഭിച്ചു. മണ്ണ് നീക്കി വ്യാഴാഴ്ച വൈകീട്ടാണ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്