Home Featured ബെംഗളൂരു ‘റിങ് റോഡ് കൊലക്കേസില്‍ കീഴ്ക്കോടതി വിധി ശരിവെച്ച്‌ സുപ്രീംകോടതി

ബെംഗളൂരു ‘റിങ് റോഡ് കൊലക്കേസില്‍ കീഴ്ക്കോടതി വിധി ശരിവെച്ച്‌ സുപ്രീംകോടതി

by admin

കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു ‘റിങ് റോഡ് കൊലക്കേസി’ല്‍ കീഴ്ക്കോടതി വിധി ശരിവെച്ച്‌ സുപ്രീംകോടതിയും.കേസിലെ മുഖ്യപ്രതി ശുഭ ശങ്കരനാരായണൻ, കൂട്ടാളികളായ അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയാണ് സുപ്രീംകോടതിയും ശരിവെച്ചത്. അതേസമയം, പ്രതികള്‍ക്ക് ഗവർണറുടെ മുൻപാകെ ഹർജി നല്‍കാനായി എട്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളെ ജാമ്യാകാലാവധി തീരുന്നതിന് മുൻപ് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2003 ഡിസംബറിലായിരുന്നു ബെംഗളൂരുവിനെ ഞെട്ടിച്ച റിങ് റോഡ് കൊലപാതകം അരങ്ങേറിയത്.

പ്രതിശ്രുത വരനായ ബി.വി. ഗിരീഷി(27)നെ ശുഭയും കാമുകനായ അരുണും കൂട്ടാളികളായ രണ്ടുപേരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്കുള്ള പ്രണയവും ഇതിനെ മറികടന്ന് വീട്ടുകാർ ഗിരീഷുമായുള്ള വിവാഹം ഉറപ്പിച്ചതുമായിരുന്നു കൊലപാതകത്തിന് കാരണം.2003 നവംബർ 30-നായിരുന്നു മള്‍ട്ടിനാഷണല്‍ കമ്ബനിയിലെ ജീവനക്കാരനായ ഗിരീഷും 20 വയസ്സുകാരിയായ ശുഭയും തമ്മിലുള്ള വിവാഹനിശ്ചയം. അന്ന് അഞ്ചാം സെമസ്റ്റർ എല്‍എല്‍ബി വിദ്യാർഥിനിയായിരുന്നു ശുഭ. ഇരുവീട്ടുകാരും വർഷങ്ങളായി പരസ്പരം അറിയാവുന്നവരായിരുന്നു.

ഈ കുടുംബസൗഹൃദമാണ് ഗിരീഷിന്റെയും ശുഭയുടെയും വിവാഹനിശ്ചയത്തിലെത്തിയത്. ഇതേസമയം, കോളേജിലെ ജൂനിയറായിരുന്ന അരുണു(19)മായി ശുഭ പ്രണയത്തിലായിരുന്നു. പക്ഷേ, വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.2003 ഡിസംബർ മൂന്നാം തീയതി രാത്രി ഹോട്ടലില്‍നിന്ന് അത്താഴം കഴിക്കാനാണ് ഗിരീഷ് പ്രതിശ്രുത വധുവായ ശുഭയെ കൂട്ടിക്കൊണ്ടുപോയത്. ഭക്ഷണംകഴിച്ചതിന് ശേഷം തനിക്ക് എച്ച്‌.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും കാണണമെന്നും അവിടേക്ക് പോകാമെന്നും ശുഭ നിർബന്ധം പിടിച്ചു. ഇതനുസരിച്ച്‌ ശുഭയുമായി ഗിരീഷ് ഇന്നർ റിങ് റോഡിലെ വിമാനത്താവള വ്യൂ പോയിന്റിലെത്തി.

ഇവിടെനിന്ന് ഗിരീഷും ശുഭയും വിമാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. അക്രമിസംഘം ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച്‌ ഗിരീഷിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് പിറ്റേദിവസം ആശുപത്രിയില്‍വെച്ച്‌ മരണത്തിന് കീഴടങ്ങുകയുംചെയ്തു.വിവേക്നഗർ പോലീസ് ഇൻസ്പെക്ടർ കെ.എ. നാനയ്യയുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ശുഭയുടെ ഉള്‍പ്പെടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും കോള്‍വിവരങ്ങളും പരിശോധിച്ചതോടെ പോലീസ് പ്രതികളിലേക്കെത്തി.

തുടർന്ന് ശുഭ, അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.2010 ജൂലായില്‍ കേസിലെ നാല് പ്രതികളെയും കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. ശുഭയ്ക്കും അരുണിനും വിവാഹം കഴിക്കാനായി ഗിരീഷിനെ പ്രതികള്‍ ആസൂത്രണംചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, പ്രതികള്‍ ശിക്ഷാവിധിക്കെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. ഇതോടെയാണ് 2012-ല്‍ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ, ആദ്യം ശുഭയ്ക്കും പിന്നീട് ബാക്കി മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയുംചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group