കേരളത്തില്‍ തെരുവുനായ ശല്യം കാരണം ആളുകള്‍ വലയുമ്ബോഴാണ് ബെംഗളൂരുവിലെ തെരുവുനായകളുമായി ബന്ധപ്പെട്ടൊരു വാർത്ത ചർച്ചയാവുന്നത്.നഗരത്തിലെ തെരുവുനായ്ക്കളുടെ ക്ഷേമം ഉറപ്പാക്കാനും മനുഷ്യരുമായുള്ള സംഘർഷങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. തെരുവുനായ്ക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനാണ് ഈ പദ്ധതിയിലൂടെ ബിബിഎംപി ലക്ഷ്യമിടുന്നത്.
നഗരത്തില്‍ ഭക്ഷണം അധികം ലഭ്യമല്ലാത്തതും ആളുകള്‍ കുറവുള്ളതുമായ നൂറോളം സ്ഥലങ്ങളില്‍ ചിക്കൻ റൈസ്, എഗ്ഗ് റൈസ്, വിവിധതരം പച്ചക്കറികള്‍ എന്നിവയടങ്ങിയ വിഭവസമൃദ്ധമായ മെനുവാണ് നായ്ക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ നായയ്ക്കും കുറഞ്ഞത് 750 കലോറി ഊർജ്ജം ലഭിക്കുന്ന തരത്തിലാണ് ഭക്ഷണക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 600 ഗ്രാം ചോറ്, ചിക്കൻ, പച്ചക്കറികള്‍, മഞ്ഞള്‍ എന്നിവ ചേർത്താണ് ഭക്ഷണം തയ്യാറാക്കുന്നത്. കൂടാതെ, ശുദ്ധമായ കുടിവെള്ളവും നായ്ക്കള്‍ക്ക് ലഭ്യമാക്കും.
വിശപ്പ് കാരണം നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത് കുറയ്ക്കാനും അതുവഴി നായ ശല്യം ലഘൂകരിക്കാനുമാണ് ഈ പദ്ധതിയിലൂടെ ബിബിഎംപി പ്രധാനമായും ലക്ഷ്യമിടുന്നത്.ബിബിഎംപിയുടെ ഈ നീക്കത്തെ മൃഗസ്നേഹികള്‍ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ചിലർ ഈ നീക്കത്തെ ‘നായ്ക്കള്‍ക്കും അവരുടേതായ ഒരു ദിവസമുണ്ട്’ എന്ന പ്രയോഗത്തിലൂടെ ആഘോഷിച്ചു. “
ഒരു കാലത്ത് ബെംഗളൂരുവില്‍ പട്ടിയിറച്ചി വിളമ്ബിയിരുന്ന സംഭവങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറി, നായ്ക്കള്‍ക്ക് ചിക്കനും മുട്ടയും കിട്ടിത്തുടങ്ങി. തീർച്ചയായും ഇത് നായ്ക്കളുടെ കാലമാണ്,” ഒരു ഉപയോക്താവ് കുറിച്ചു. “ഈ വാർത്ത അറിഞ്ഞതോടെ ഇന്ത്യയിലുടനീളമുള്ള നായ്ക്കള്‍ ബെംഗളൂരുവിലേക്ക് കുടിയേറാൻ തീരുമാനിച്ചുവെന്നാണ് കേള്‍ക്കുന്നത്,” മറ്റൊരാള്‍ തമാശയായി പങ്കുവെച്ചു.”ഓ, ബെംഗളൂരുവിലെ നായ്ക്കള്‍ക്ക് ഇറച്ചിയും മുട്ടയും! വിധാൻ സൗധയ്ക്ക് മുന്നില്‍ കറങ്ങിനടന്നിരുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി. അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു,” മറ്റൊരു കമന്റില്‍ പരിഹാസം കലർന്നു.
ഈ പദ്ധതി നായ ആക്രമണങ്ങള്‍ കുറയ്ക്കുമോ അതോ ദീർഘകാലാടിസ്ഥാനത്തില്‍ നായ്ക്കളുടെ എണ്ണം വർധിക്കാനും അതുവഴി ആക്രമണങ്ങള്‍ കൂടാനും കാരണമാകുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ബെംഗളൂരുവിലെ ഈ പുതിയ പദ്ധതി എങ്ങനെ ഫലം കാണുമെന്ന് കണ്ടറിയേണ്ടതുണ്ട്.