കർണാടകയിലെ ചിക്ക്മംഗളൂരുവില്‍ കെനറാ ബാങ്ക് ഉദ്യോഗസ്ഥയോട് കന്നഡയില്‍ സംസാരിക്കാൻ ആവശ്യപ്പെട്ട് ബാങ്കില്‍ ബഹളം വയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.തന്റെ അക്കൗണ്ടില്‍ നിന്ന് പണം അകാരണമായി നഷ്ടമായതിനെ കുറിച്ച് മലയാളം സംസാരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് കന്നഡയില്‍ വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി ആരോപിക്കുന്നു. ചിക്ക്മംഗളൂരുവിലെ കെനറാ ബാങ്ക് എ.ഐ.ടി സർക്കിള്‍ ബ്രാഞ്ചിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.ആശുപത്രി ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച പണം അക്കൗണ്ടില്‍ നിന്ന് അകാരണമായി നഷ്ടമായി എന്നും, ഇതിനെ തുടർന്ന് ആശങ്കയിലായാണ് താൻ ബാങ്കിലെത്തിയതെന്നും യുവതി പറയുന്നു.
എന്നാല്‍ ഇവര്‍ക്ക് ജീവനക്കാര്‍ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞില്ല. ‘എനിക്ക് ഇംഗ്ലീഷ് അറിയില്ല’ എന്നും വീഡിയോയില്‍ യുവതി പറയുന്നത് കേള്‍ക്കാം. ബാങ്ക് ജീവനക്കാരൻ വിഷയം കന്നഡയില്‍ വിശദീകരിക്കാത്തതിലെ നിരാശയും അവർ പങ്കുവെക്കുന്നുണ്ട്. മലയാളത്തിലും ഇംഗ്ലിഷിലുമായി ജീവനക്കാര്‍ ഈ കാര്യം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്കാര്യം കേള്‍ക്കാൻ ഉപഭോക്താവായ യുവതി തയ്യാറായില്ല. ഉദ്യോഗസ്ഥയോട് പ്രകോപനപരമായി സംസാരിക്കുന്ന യുവതി, തന്നോട് കന്നഡയില്‍ തന്നെ പറയൂ എന്നും ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളില്‍.
യുവതി തന്നെയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.അതേസമയം, സംഭവത്തില്‍ കന്നഡ അനുകൂല സംഘടനയായ ‘കന്നഡ സേന’യിലെ അംഗങ്ങള്‍ ബാങ്കിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന തസ്തികകളില്‍ കന്നഡ സംസാരിക്കാത്ത ജീവനക്കാരെ നിയമിക്കുന്നതിനത് ശരിയില്ലെന്ന് അവര്‍ പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍, ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ധാരാളം കർഷകർ ഉള്ളതുകൊണ്ട് കന്നഡ സംസാരിക്കുന്ന ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി.
ഔദ്യോഗിക എക്സ് ഹാൻഡിലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ “കന്നഡ ഞങ്ങളുടെ അടിത്തറയാണ്, നിങ്ങളുടെ പിന്തുണ ഞങ്ങളുടെ ശക്തിയാണ്. കെനറാ ബാങ്കിന് കർണാടക ഒരു സംസ്ഥാനം മാത്രമല്ല, അത് ഞങ്ങളുടെ ജന്മനാടാണ്. കന്നഡ ഞങ്ങള്‍ക്ക് ഒരു ഭാഷ മാത്രമല്ല, അതൊരു വികാരമാണ്, അഭിമാനമാണ്. സംസ്ഥാനത്തെ ഓരോ ശാഖയിലും പ്രാദേശിക ഭാഷയില്‍ സേവനങ്ങള്‍ നല്‍കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്” എന്നും ബാങ്ക് അറിയിച്ചു. ഇന്ത്യയുടെ ബഹുഭാഷാ സ്വഭാവം കാരണം ചിലപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.
കർണാടകയില്‍ ബാങ്ക് ഭാഷയുടെ പേരില്‍ വിമർശനം കേള്‍ക്കുന്നത് ഇത് ആദ്യമായല്ല. മെയ് മാസത്തില്‍, ആനക്കല്‍ താലൂക്കിലെ സൂര്യ നഗര ശാഖയിലെ ഒരു എസ്ബിഐ ഉദ്യോഗസ്ഥൻ ഒരു പ്രാദേശിക ഉപഭോക്താവിനോട് കന്നഡ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നും സമാന വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. നേരത്തെ മറ്റ് പല ഓഫീസുകളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.