ബെംഗളൂരു ∙ റോഡിലുണ്ടാകുന്ന തർക്കങ്ങളിൽ പുതുമയൊന്നുമില്ല. എന്നാൽ, അടുത്തകാലത്ത് ഇത്തരം തർക്കങ്ങൾ അക്രമസംഭവങ്ങളിലേക്കു വഴിമാറുന്നതിനു നഗരം സാക്ഷ്യം വഹിക്കുന്നു. തർക്കങ്ങൾ പറഞ്ഞു തീർക്കാനോ, അധികൃതർക്കു മുന്നിലെത്തിച്ചു പരിഹാരം കാണാനോ ഉള്ള സാവകാശം ആർക്കുമില്ല. കയ്യാങ്കളിക്കാണു കൂടുതൽ പേർക്കും താൽപര്യം. കഴിഞ്ഞ ബുധനാഴ്ച രാത്രി ബസവേശ്വര നഗറിൽ റോഡിലുണ്ടായ തർക്കത്തെ തുടർന്നു 19 വയസ്സുകാരനായ എൻജിനീയറിങ് വിദ്യാർഥിയെ ഒരു സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതാണ് ഒടുവിലത്തെ സംഭവം.
വിദ്യാർഥി ഇലക്ട്രിക് സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു16 വയസ്സുകാരൻ ബൈക്കിൽ ഇടവഴിയിൽ നിന്നു കുറുകെ ചാടിയതാണു തർക്കത്തിന്റെ തുടക്കം. 16 വയസ്സുകാരൻ ഫോണിൽ വിളിച്ചതിനെ തുടർന്നു പിതാവും സുഹൃത്തുക്കളുമെത്തി. തുടർന്ന് ഇരുവരും വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡിലേക്കു തള്ളുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമ സംഭവങ്ങളും കൊലപാതകവും വരെ2 മാസം മുൻപ് റോഡിലുണ്ടായ തർക്കത്തെ തുടർന്നു കാറിൽ സഞ്ചരിച്ച വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ കയ്യാങ്കളി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരുന്നു. സംഭവം കന്നഡ– ഹിന്ദി ഭാഷാ പ്രശ്നമാക്കി മാറ്റാൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യം വന്നതോടെയാണു സത്യാവസ്ഥ പുറത്തു വന്നത്. തുടർന്ന് ഉദ്യോഗസ്ഥനെതിരെ കേസ് തിരിഞ്ഞു. ബെലന്ദൂരിൽ ബൈക്കിൽ പിൻസീറ്റിൽ ഇരിക്കുന്നതിനിടെ കാലിൽ ഓട്ടോറിക്ഷ തട്ടിയെന്ന് ആരോപിച്ച് യുവതി ചെരിപ്പൂരി ഓട്ടോ ഡ്രൈവറുടെ മുഖത്തടിച്ചത് ഒരു മാസം മുൻപാണ്.
സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ യുവതി ഡ്രൈവറോട് മാപ്പു പറഞ്ഞു തലയൂരി. നഗരമധ്യത്തിലെ ക്വീൻസ് റോഡിൽ കാറിൽ ഉരഞ്ഞു പോയ ബിഎംടിസി ബസിനെ പിന്തുടർന്നു ഡ്രൈവറുമായി കാർ യാത്രക്കാരി വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. ഒന്നര വർഷം മുൻപ് ഗുട്ടഹള്ളിയിലെ റോഡിലുണ്ടായ തർക്കത്തെ തുടർന്നു ബൈക്ക് യാത്രക്കാരനായ 77 വയസ്സുകാരനെ തലയ്ക്കു ഹെൽമറ്റും കല്ലും കൊണ്ടടിച്ചു കൊലപ്പെടുത്തിയ സംഭവം വരെയുണ്ട് ഇക്കൂട്ടത്തിൽ. മുതിർന്ന പൗരൻമാരും വിദ്യാർഥികളും ബിഎംടിസി ബസ് ഡ്രൈവർമാരും നടന്മാരുമെല്ലാം നഗരനിരത്തുകളിലെ തർക്കങ്ങൾക്കും കയ്യാങ്കളിക്കും ഇരയായിട്ടുണ്ട്.
പ്രത്യേക പട്രോളിങ് കുരുക്കിൽ നിന്നു പുറത്തു കടക്കാൻ ഇടുങ്ങിയ വഴികളിലൂടെയും മറ്റും അതിവേഗം സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ തട്ടുകയും തർക്കത്തിനിടയാക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണു പൊലീസ് പ്രത്യേക പട്രോളിങ് ആരംഭിച്ചത്. തിരക്കേറിയ മാർക്കറ്റുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്കു സമീപത്താണു പട്രോളിങ് നടത്തുന്നത്.