കർണാടകയില്‍ വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും തടയാൻ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ. വർഗീയ, സാമുദായിക സംഘർഷം ഇല്ലാതാക്കാൻ പ്രത്യേക കർമസേന രൂപവത്കരിക്കാനുള്ള നടപടിക്കുപിന്നാലെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ നിയമം കൊണ്ടുവരുന്നത്.നിയമനിർമാണത്തിനുള്ള ആലോചനകള്‍ ആരംഭിച്ചുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണകന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശജില്ലകളില്‍ വിദ്വേഷപ്രചാരണവും സാമുദായികസംഘർഷവും പതിവായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
വിദ്വേഷപ്രസംഗം ആരുനടത്തിയാലും കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജില്ലാ സിഇഒമാരുടെയും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംഘർഷം പതിവായ ജില്ലകളുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയിരുന്നു. പുതിയ നിയമം കൊണ്ടുവരുന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
നിലവിലുള്ള നിയമപ്രകാരം വിദ്വേഷപ്രചാരണം നടത്തുന്നവർക്ക് ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കി കൂടുതല്‍ കർശന നടപടികള്‍ വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരേയും കർശന നടപടി പുതിയ നിയമത്തിലുണ്ടാകും