അസാധാരണമായ കാരണം പറഞ്ഞ് ജോലിക്കെടുക്കാത്ത ബെംഗളൂരു കമ്ബനിയെക്കുറിച്ചാണ് പ്രൊഫഷണല്‍ നെറ്റ്വർക്കിലെ ചർച്ച.ലിങ്ക്ഡിനില്‍ ഷെയർ ചെയ്ത പോസ്റ്റിലാണ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 40 ലക്ഷം രൂപയോളം വാർഷിക വരുമാനമുള്ള സീനിയർ പ്രൊഡക്റ്റ് മാനേജരുടെ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിലാണ് മഴയെക്കുറിച്ചുള്ള ചോദ്യത്തിന് ഉദ്യോഗാർഥി നല്കിയ ഉത്തരം ഇഷ്ടപെട്ടില്ലെന്ന കാരണം പറഞ്ഞ് യോഗ്യനായിരുന്നിട്ടും ജോലിക്കെടുക്കാതിരുന്നത്.
റിക്രൂട്ടർ ആയ സന്ദീപ് ലോക്നാഥാണ് തന്റെ ലിങ്ക്ഡിൻ പ്രൊഫൈലില്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാനെത്തി ഉദ്യോഗാർഥിയോട് ചോദിച്ച സാധാരണ ചോദ്യത്തിന് അമിത യുക്തിയോടെ മറുപടി നല്‍കിയതാണ് ജോലി നല്കാതിരിക്കാൻ കാരണമായി വിശദീകരിക്കുന്നത്. ബെംഗുളൂരുവില്‍ ഒരാള്‍ എത്ര ദിവസം കുട കൈയ്യില്‍ കരുതണം? ഇതാണ് ജോലി നഷ്ടപ്പെടുത്തിയ വിചിത്ര ചോദ്യം.
മറ്റേതെങ്കിലും അഭിമുഖമായിരുന്നെങ്കില് മികച്ചതെന്നു വിലയിരുത്തിയേക്കാവുന്നത്ര കൃത്യവും, വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ ഉത്തരമാണ് ഉദ്യോഗാർഥി നല്‍കിയത്. മണ്‍സൂണ്‍ കാലചക്രവും, പ്രോബബിലിറ്റി ഡാറ്റയും, മുൻ വർഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുമടക്കം ആഴത്തിലുള്ള വിശകലനമാണ് ഉദ്യോഗാർഥി നടത്തിയത്. പൂർണ ആത്മവിശ്വാസത്തോടെ ഉത്തരത്തിലേക്കുമെത്തി.എന്നാല്‍, ഉദ്യോഗാർഥിയുടെ കഴിവില്‍ മതിപ്പുണ്ടാകുന്നതിനു പകരം ജോലിക്ക് യോഗ്യനല്ല എന്ന തീരുമാനത്തിലെത്തിക്കുകയായിരുന്നു ഈ ഉത്തരം.
ചോദ്യത്തിന്റെ ആത്മാവ് ഉത്തരത്തിലില്ലായിരുന്നു എന്നാണ് സന്ദീപിന്റെ പക്ഷം. വിശലകനവും കണക്കും കൃത്യമായിരുന്നെങ്കിലും ബെംഗളൂരുവിന്റെ ആത്മാവിനെ കണക്കുകള്‍കൊണ്ടോ കാലാവസ്ഥാ പ്രവചനങ്ങള്ക്കുള്ളിലോ ഒതുക്കാൻ കഴിയുന്നതല്ലെന്നാണ് സന്ദീപിന്റെ പക്ഷം.പെട്ടന്നുള്ള മഴയും നാടകീയമായ കാലാവസ്ഥാ മാറ്റങ്ങളുമുള്ള നഗരം അക്കങ്ങള്‍ കൊണ്ട് മാത്രം വിലയിരുത്താൻ സാധിക്കുന്നതല്ല. ബെംഗളൂരുവില്‍ താമസിക്കുന്നവർക്കറിയാം കാലാവസ്ഥാ പ്രവചനങ്ങള്‍ക്കപ്പുറം തോന്നലിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെ കാലാവസ്ഥയെന്നും സന്ദീപ് പറഞ്ഞു.
സാധാരണമായ ഒരു ചോദ്യത്തെ അനാവശ്യമായി സങ്കീർണമാക്കിയെന്നതാണ് സന്ദീപിനിഷ്ടപ്പെടാത്തത്. അനുകമ്ബയും, ഉള്‍ക്കാഴ്ചയും, പൊരുത്തപ്പെടലും ആവശ്യമുള്ള ജോലിയില്‍ അതി യുക്തിസഹമായ മാനസികാവസ്ഥ ഗുണം ചെയ്യില്ലെന്നും അതുകൊണ്ട് തന്നെ മറ്റു യോഗ്യതകളുണ്ടെങ്കിലും നേതൃത്വ പരമായ സ്ഥാനത്തേക്ക് യോഗ്യനല്ല എന്ന നിഗമനത്തിലേക്ക് എത്തിയതായും സന്ദീപിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.