ബെംഗളൂരു: ബിസിനസ് വൈരത്തെത്തുടർന്ന് 40-കാരനെ സ്ത്രീയുടെ നേതൃത്വത്തിൽ സംഘംചേർന്ന് മർദിച്ചു. ബെംഗളൂരു ഭുവനേശ്വരിനഗർ മെയിൻ റോഡിലെ ‘റോയൽ ചോയ്സ് സലൂൺ’ ഉടമ പി.ബി. സഞ്ജു(40)വിനാണ് ക്രൂരമർദനമേറ്റത്. സംഭവത്തിൽ നിഷ എന്ന സ്മിത, കാവ്യ, മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ബാക്കി രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു
വ്യാഴാഴ്ചയാണ് സഞ്ജുവിന്റെ സലൂണിൽ അതിക്രമിച്ചുകയറിയ സംഘം ഇദ്ദേഹത്തെ ക്രൂരമായി മർദിച്ചത്. തുടർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി യാത്രയിലുടനീളം മർദനം തുടർന്നു. ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ സഞ്ജുവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.യെലഹങ്കയിൽ സലൂണും സ്പായും നടത്തുന്നയാളാണ് സ്മിത. മർദനമേറ്റ സഞ്ജു നേരത്തേ ഇവരുടെ സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ സഞ്ജു ഇവർക്കൊപ്പമുള്ള ജോലിവിട്ട് സ്വന്തംനിലയിൽ സലൂൺ ആരംഭിച്ചതാണ് മർദനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
സ്മിത, കാവ്യ, മുഹമ്മദ് എന്നിവരും മറ്റു രണ്ട് യുവാക്കളും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സഞ്ജുവിന്റെ സലൂണിലെത്തിയത്. തുടർന്ന് കാവ്യ സഞ്ജുവിൻ്റെ കഴുത്തിൽ കയറിപിടിക്കുകയും മർദിക്കുകയുംചെയ്തു. പിന്നാലെ ഒപ്പമുണ്ടായിരുന്ന യുവാക്കളും സഞ്ജുവിനെ മർദിച്ചു. ശേഷം സഞ്ജുവിനെ കാറിൽ കയറ്റി ദസറഹള്ളി, ജാക്കൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. യാത്രയിലുടനീളം മർദനം തുടർന്നു.
ജാക്കൂരിൽവെച്ച് വാഹനം നിർത്തിയസംഘം ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ജീവനോടെ കത്തിക്കുമെന്ന് സ്മിത ഭീഷണിപ്പെടുത്തി. ഇതിനിടെ, സംഭവസമയത്ത് സലൂണിലുണ്ടായിരുന്ന സഞ്ജുവിന്റെ ഭാര്യ അമൃതഹള്ളി പോലീസിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സ്മിതയെ ഫോണിൽ ബന്ധപ്പെട്ട് താക്കീത് നൽകി. ഇതോടെ പ്രതികൾ സഞ്ജുവിനെ അമൃതനഗറിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.