ബെംഗളൂരു : അനധികൃതമായി റോഡിൽ പാർക്ക്ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള ടോവിങ് നടപടി വീണ്ടും ആരംഭിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ നഗരത്തിലെ വാഹനയുടമകൾ ആശങ്കയിൽ. ടോവിങ്ങിന് വിധേയമാകുന്ന വാഹനങ്ങൾക്കുണ്ടാകുന്ന തകരാറും ഈ നടപടിയുടെപേരിൽ നടത്തുന്ന ഭീഷണിയും അപമര്യാദയായിട്ടുള്ള പെരുമാറ്റങ്ങളും നേരിടേണ്ടിവരുമെന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. എന്നാൽ, ഗതാഗതക്കുരുക്ക് അതിരൂക്ഷമായതിനാൽ അനധികൃതപാർക്കിങ് തടയാൻ വാഹനം പിടിച്ചെടുക്കേണ്ടിവരുമെന്നാണ് സർക്കാരിന്റെ വാദം.
ടോവിങ് വീണ്ടും ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. എന്നാൽ, ഇത് എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രാഫികപ്രശ്നം രൂക്ഷമായതിനാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി പുനരാരംഭിക്കണമെന്ന് നേരത്തേതന്നെ പോലീസ് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ 75 ജങ്ഷനുകളിൽ വീണ്ടും ടോവിങ് വേണമെന്നായിരുന്നു പോലീസിന്റെ നിർദേശം. വലിയ ഗതാഗതസ്തംഭനം പതിവായ പലയിടങ്ങളിലും അനധികൃതപാർക്കിങ്, സ്ഥിതി മോശമാക്കുന്നുവെന്നാണ് ട്രാഫിക് പോലീസിന്റെ വിലയിരുത്തൽ.
മഴസമയത്ത് ഇരുചക്രവാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടുപോകുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ ട്രാഫിക് പോലീസും ബിബിഎംപിയും ഒന്നിച്ചുപ്രവർത്തിക്കാനും ഇതുസംബന്ധിച്ച് പദ്ധതി തയ്യാറാക്കാനും പോലീസിന് നിർദേശംനൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് ഇപ്പോൾ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് വീണ്ടും തുടങ്ങുന്നത്.
അനധികൃതമായി പാർക്ക്ചെയ്യുന്ന വാഹനങ്ങൾ പ്രത്യേക ടോവിങ് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്.ലോക്ക്ചെയ്തിരിക്കുന്ന വാഹനങ്ങൾ വലിച്ച് ടോവിങ് വാഹനത്തിൽ കയറ്റുമ്പോൾ തകരാറുണ്ടാകുകപതിവാണ്. പിഴയടച്ച് വാഹനങ്ങൾ തിരിച്ചുവാങ്ങുന്നതിനൊപ്പം തകരാർ പരിഹരിക്കാൻ വലിയതുക ചെലവാക്കേണ്ടിവരുന്നത് പലരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റുതകരാറുണ്ടായില്ലെങ്കിലും വലിച്ചുകൊണ്ടുപോകുന്നതിനാൽ മിക്കപ്പോഴും വാഹനങ്ങൾ പഞ്ചറായിട്ടാകും തിരികെ ലഭിക്കുക.
വാഹനങ്ങൾ പിടിച്ചെടുക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ വാഹനയുടമകളോട് മോശമായി പെരുമാറുന്നതും സ്ഥിരംസംഭവമായിരുന്നു. എന്നാൽ, ഇനി ഇതുണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. മുൻപ് ചെയ്തിരുന്നതുപോലെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പുറംകരാർ നൽകില്ല. പകരം പോലീസുതന്നെ നേരിട്ട് നടപടിയെടുക്കും. ഇതിനായി 10 ടോവിങ് വാഹനങ്ങൾ വാങ്ങാനൊരുങ്ങുകയാണ്. ഔട്ടർ റിങ് റോഡ് അടക്കം വാഹനസാന്ദ്രത കൂടിയ പ്രധാന റോഡുകളിലാകും ടോവിങ് ഉടൻ ആരംഭിക്കുന്നത്.
ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനം മാത്രം പിടിച്ചെടുക്കണം : റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾമാത്രമേ ടോവിങ് വാഹനങ്ങളിൽ പിടിച്ചെടുത്തുകൊണ്ടുപോകാൻ പാടുള്ളൂ. മറ്റ് നോ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴയീടാക്കാം. വാഹനങ്ങൾക്ക് തകരാർവരുത്താതെ പിടിച്ചെടുക്കാനും നടപടിയെടുക്കണം.-ബാംഗ്ലൂർ കേരള സമാജം ജനറൽസെക്രട്ടറി.
നഗരത്തിൽ 1.24 കോടി വാഹനങ്ങൾ : ബെംഗളൂരു : കഴിഞ്ഞ സാമ്പത്തികവർഷത്തെകണക്കുപ്രകാരം ബെംഗളൂരുവിൽ ഒരുദിവസം പുതിയതായി രജിസ്റ്റർചെയ്യുന്നത് 2000 വാഹനങ്ങളാണ്. ഒരുമാസം 60,000 വാഹനങ്ങളും. കഴിഞ്ഞമാസംവരെയുള്ള കണക്കുപ്രകാരം നഗരത്തിൽ 1.23 കോടിയിലേറെ വാഹനങ്ങളുണ്ട്. ഇതിപ്പോൾ 1.24 കോടി കടന്നിട്ടുണ്ടാകും. കഴിഞ്ഞവർഷംമാത്രം 7.22 ലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതിൽ 4.68 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. 1.45 ലക്ഷം പുതിയ കാറുകളും രജിസ്റ്റർചെയ്തു. സംസ്ഥാനത്ത് വാങ്ങുന്ന പുതിയ കാറുകളിൽ പകുതിയിലേറെയും ബെംഗളൂരുവിലാണ്