Home Featured കോവിഡ്: ഏത് സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് മുഖ്യമന്ത്രി

കോവിഡ്: ഏത് സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് മുഖ്യമന്ത്രി

by admin

ബംഗളൂരു: കർണാടകയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഭാവിയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നല്‍കി.കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയില്‍നിന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയില്‍നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. മുൻകരുതല്‍ നടപടിയായി പ്രായമായവർ, ഗർഭിണികള്‍, ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവർ മാസ്ക് ധരിക്കണം. ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളെ ആശുപത്രികള്‍ക്കുള്ളില്‍ മാറ്റിവെക്കുന്നത് നിർത്തണമെന്നും എല്ലാ ആശുപത്രികളിലും അവരെ ചികിത്സിക്കാൻ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ്-19 സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

ആവശ്യമെങ്കില്‍ ആഴ്ചയിലൊരിക്കലോ മൂന്ന് ദിവസത്തിലൊരിക്കലോ കേസുകള്‍ ഉദ്യോഗസ്ഥർ അവലോകനം ചെയ്യണം. ജലദോഷം, പനി എന്നിവയുള്ള കുട്ടികളെ സ്കൂളില്‍ വിടാതെ വീട്ടില്‍തന്നെ സൂക്ഷിക്കാൻ മുഖ്യമന്ത്രി മാതാപിതാക്കളോട് അഭ്യർഥിച്ചു. അത്തരം ലക്ഷണങ്ങള്‍ക്കായി വിദ്യാർഥികളെ നിരീക്ഷിക്കാനും ജലദോഷം അല്ലെങ്കില്‍ പനി ബാധിച്ച കുട്ടികളെ വീട്ടിലേക്ക് അയക്കാനും സ്കൂളുകള്‍ക്ക് നിർദേശം നല്‍കി.പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ ആശുപത്രികളിലും കിടക്കകള്‍, ഓക്സിജൻ വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നിർബന്ധമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group