ബംഗളൂരുവില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കർണാടക ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ശനിയാഴ്ചയാണ് കോവിഡ് ബാധിച്ചയാള്‍ മരിച്ചത്. 85 വയസുള്ളയാളാണ് മരിച്ചത്.24 മണിക്കൂറില്‍ സംസ്ഥാനത്ത് 108 പേരാണ് കോവിഡ് പരിശോധനക്ക് എത്തിയത്. അതില്‍ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം 38 ആയി. ചികിത്സയിലുള്ള ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.കോവിഡ് കേസുകളില്‍ 32 എണ്ണം ബംഗളൂരുവിലാണ്. നഗരത്തില്‍ 24 മണിക്കൂറിനിടെ 92 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.
രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു റൂറല്‍, ബല്ലാരി, വിജയനഗർ, മംഗളൂരു എന്നിവിടങ്ങളില്‍ ഓരോരോ കേസുകള്‍ സ്ഥിരീകരിച്ചു. മൈസൂരില്‍ രണ്ട് സജീവ കേസുകളും റിപ്പോർട്ട്ചെയ്തു.അതിനിടെ, കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ സ്ത്രീയെ ഐസോലേഷനിലാക്കി. ബെലഗാവിയില്‍ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് അവർ പുനെയില്‍ നിന്നെത്തിയത്.അതേസമയം, കോവിഡ് കേസുകള്‍ വർധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
കുത്തിവച്ച രക്തം മാറിപ്പോയി; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗര്‍ഭിണി മരിച്ചു
കുത്തിവച്ച രക്തം മാറിപ്പോയതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചു എന്ന് ആരോപണം. രാജസ്ഥാനിലെ ജയ്പൂരിലുള്ള ആശുപത്രിയിലാണ് സംഭവം.എന്നാല്‍, ചികിത്സക്കെത്തിക്കുമ്ബോള്‍ തന്നെ യുവതിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ടോങ്ക് സ്വദേശിനിയായ, 23 വയസുകാരിയായ യുവതിയെ മെയ് 12നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അപകടകരമാം വിധം താഴ്ന്ന ഹീമോഗ്ലോബീൻ ലെവലും ക്ഷയവും ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ യുവതിയ്ക്കുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മെയ് 21ന് യുവതി മരണപ്പെട്ടു.
മെയ് 19നാണ് രക്തം കുത്തിവെക്കാനുള്ള അഭ്യർത്ഥന ആശുപത്രിയുടെ ബ്ലഡ് ബാങ്കിന് നല്‍കിയത്. ഗ്രൂപ്പ് ടെസ്റ്റ് ചെയ്തപ്പോള്‍ എ+ ആയിരുന്നു. തുടർന്ന് ഈ ഗ്രൂപ്പിലുള്ള രക്തം യുവതിയ്ക്ക് കുത്തിവച്ചു. പിന്നീട്, മറ്റൊരു അവസരത്തില്‍ നടത്തിയ രക്തപരിശോധനയില്‍ ഗ്രൂപ്പ് ബി+ ആണെന്ന് കണ്ടെത്തി. ഇതോടെയാണ് കുത്തിവച്ച രക്തം മാറിപ്പോയെന്ന സംശയമുയർന്നത്.”ഞാൻ അന്ന് അവധിയിലായിരുന്നു. അന്വേഷിച്ചപ്പോള്‍ രക്തം കുത്തിവെക്കുന്ന സമയത്ത്, രോഗിയ്ക്ക് റിയാക്ഷനുണ്ടായെന്ന് അറിയാൻ കഴിഞ്ഞു.
പലവിധ ആരോഗ്യപ്രശ്നങ്ങളടക്കം അവർ ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു.”- യുവതിയെ ചികിത്സിച്ച ഡോക്ടർ സ്വാതി ശ്രീവാസ്തവ പറഞ്ഞു. പനി, കുളിര് തുടങ്ങിയ ലക്ഷണങ്ങളാണ് രക്തം കുത്തിവച്ചതിന് പിന്നാലെ കണ്ടത്. രക്തം മാറി കുത്തിവച്ചതിനെപ്പറ്റി കുടുംബത്തിന് അറിവുണ്ടായിരുന്നില്ലെന്ന് സഹോദരൻ പ്രേം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആശുപത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.