ബെംഗളൂരു: ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി.ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എല്‍.എ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാല്‍പ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.മുനിരത്ന എംഎല്‍എ, വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2023 ജൂണ്‍ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
വാസന്തയും കമലും ചേർന്ന് ഒരു എസ്.യു.വിയില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.”മുനിരത്ന, വാസന്ത, ചെന്നകേശവ എന്നിവർ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാൻ സഹകരിച്ചില്ലെങ്കില്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിരത്നയുടെ നിർദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേർന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,” അവർ പരാതിയില്‍ പറഞ്ഞു.
അജ്ഞാതനായ ഒരാള്‍ മുറിയിലേക്ക് വന്ന് മുനിരത്നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎല്‍എ തന്നെ കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മുനിരത്നയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവർ പറയുന്നുജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം വാസന്തയും കമലും തന്റെ വീട്ടിലെത്തുകയും തനിക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാൻ എംഎല്‍എ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും മുനിരത്നയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അവർ പറഞ്ഞു.
ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായും അവർ പോലീസിനെ അറിയിച്ചു. മെയ് 19-ന് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അവർ പരാതി നല്‍കിയത്.മുനിരത്നയ്ക്കെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ നിർമ്മാതാവില്‍നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ് മുനിരത്ന. കർണാടകയിലെ രാജരാജേശ്വരി നഗറില്‍നിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവില്‍ ആ മണ്ഡലത്തിലെ എംഎല്‍എയാണ്.