ഇലക്ട്രോണിക്സ് സിറ്റി ഫേസ് 1-ലുള്ള പ്രസ്റ്റീജ് സണ്‍റൈസ് പാർക്ക് അപ്പാർട്ട്മെന്റിലെ ഒരു താമസക്കാരൻ, തന്റെ ഫ്ലാറ്റിന്റെ പുറത്ത് ഷൂ റാക്ക് വച്ചതിനായി ഇതിനോടകം 24,000 രൂപ പിഴ അടച്ചിരിക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ അസോസിയേഷൻ പിഴ നിരക്ക് ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ് — ഇനി മുതല്‍ ദിവസേന 200 രൂപയായി പിഴ വർദ്ധിപ്പിക്കാനാണ് തീരുമാനം.പ്രസ്റ്റീജ് സണ്‍റൈസ് പാർക്കിലെ നോർവുഡ് ബ്ലോക്കില്‍ താമസിക്കുന്ന ഈ വ്യക്തി, ഫ്ലാറ്റിന് പുറത്തുള്ള ഇടനാഴിയില്‍ ഷൂ റാക്ക് സ്ഥാപിച്ചതാണ് പ്രശ്നത്തിന് കാരണം.
റെസിഡൻഷ്യല്‍ സമുച്ചയത്തില്‍ ഉള്‍പ്പെടുന്ന 1046 ഫ്ലാറ്റുകളിലും പൊതു ഇടങ്ങളില്‍ ഇത്തരം വസ്തുക്കള്‍ സ്ഥാപിക്കരുതെന്ന് അസോസിയേഷൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഷൂ റാക്കുകള്‍, ചെടിച്ചട്ടികള്‍, സ്റ്റോറേജ് യൂണിറ്റുകള്‍ എന്നിവ പൊതു ഇടങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ അവഗണിച്ച് 50% താമസക്കാരും തുടർന്നും വസ്തുക്കള്‍ ഇടനാഴികളില്‍ വച്ചിരിക്കുകയായിരുന്നു.ഇതിന് തുടർന്നാണ് അസോസിയേഷൻ നോട്ടീസുകള്‍ നല്‍കിയത്.
രണ്ട് മാസത്തെ സാവകാശത്തോടെ എല്ലാ താമസക്കാരോടും വസ്തുക്കള്‍ നീക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഭൂരിഭാഗവും നിർദ്ദേശങ്ങള്‍ അംഗീകരിച്ചെങ്കിലും, രണ്ടുപേർ മാത്രമാണ് നിർദ്ദേശങ്ങള്‍ ലംഘിച്ച് തുടർന്നത്.അവരില്‍ ഒരാള്‍ പിന്നീട് വസ്തുക്കള്‍ നീക്കി. എന്നാല്‍ മറ്റൊരാള്‍ — ഈ വിഷയത്തില്‍ ഇപ്പോള്‍ ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ് — ഷൂ റാക്ക് മാറ്റില്ലെന്ന് ഉറപ്പിച്ചു. ഇയാള്‍ മുൻകൂട്ടി 15,000 രൂപ പിഴയായി അടച്ച്, ഭാവിയില്‍ തനിക്കെതിരേ കൂടുതല്‍ നടപടി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് അരുണ്‍ പ്രസാദ് വിശദമാക്കിയത് പ്രകാരം, “ഇയാള്‍ ഇതുവരെ 24,000 രൂപ പിഴയായി അടച്ചിട്ടുണ്ട്. പിഴ വർദ്ധിപ്പിച്ചിട്ടും ഇയാള്‍ ഷൂ റാക്ക് മാറ്റാൻ തയ്യാറായിട്ടില്ല. എന്നാല്‍ ഫ്ലാറ്റ് കോമണ്‍ ഏരിയയിലെ സുരക്ഷയ്ക്കായുള്ള ചട്ടം പാലിക്കേണ്ടത് നിര്‍ബന്ധമാണ്.” ഉയർന്ന നിലകളിലുള്ള അപ്പാർട്ട്മെന്റുകളില്‍ കോമണ്‍ ഇടനാഴികള്‍ അഗ്നിസുരക്ഷാ വ്യവസ്ഥകള്‍ അനുസരിച്ച് തടസ്സരഹിതമായി സൂക്ഷിക്കേണ്ടതാണെന്നത് നിയമപരവും സുരക്ഷാപരവുമാണ്.