ബെംഗളൂരു മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്ന് അറിയപ്പെടുന്ന ബാംഗ്ലൂര്‍ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാണ്.സൗകര്യങ്ങള്‍,റോഡുകള്‍, വിമാനത്താവളം, വ്യവസായങ്ങള്‍, അന്താരാഷ്ട്ര കമ്ബനികളുടെ സാന്നിധ്യം, നിക്ഷേപ സാധ്യതകള്‍, തൊഴിലവസരങ്ങള്‍, മികച്ച ജീവിതം എന്നിങ്ങനെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്ന കാര്യങ്ങള്‍ ഒത്തിരിതിയുണ്ട്.ബെംഗളൂരുവിന്‍റെ ഈ വളർച്ച നമ്മുടെയും വളർച്ചയാക്കി മാറ്റാം.
ബെംഗളൂരുവിനെ ചുറ്റിനില്‍ക്കുന്ന പ്രദേശങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിക്ഷേപത്തിന് യോജിക്കുന്ന ഇടങ്ങളായി മാറി. വീട് വാങ്ങിക്കാനാണെങ്കിലും സ്ഥലം മാത്രമായി വാങ്ങിച്ചിടുവാനാണെങ്കിലും ഒക്കെ പണമിറക്കിയാല്‍ ലാഭം നല്കുവാൻ സാധ്യതയുള്ള, മെച്ചപ്പെട്ട നിക്ഷേപമായ ബെംഗളൂരുവിലെ പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
സർജാപൂർ റോഡ്, ബെംഗളൂരു ഈസ്റ്റ് : ബെംഗളൂരുവില്‍ അതിവേഗം വളരുന്ന ഇടങ്ങളിലൊന്നാണ് സർജാപൂർ റോഡ്, കോറമംഗള, എച്ച് എസ് ആർ ലേഔട്ട്, കാർമലാരം, ഇലക്‌ട്രോണിക് സിറ്റി, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ പോലെ റസിഡൻഷ്യല്‍ ഏരിയ എന്ന നിലയില്‍ ഇവിടം മാറുകയാണ്. വൈറ്റ്ഫീല്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, കോറമംഗള തുടങ്ങിയ ബാംഗ്ലൂരിലെ ഏറ്റവും പ്രധാന നഗരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന സർജാപൂർ റോഡ് പ്രധാനമായും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവർ സ്വന്തമായി വീട് വാങ്ങാനും പണം ഇറക്കുവാനും ആഗ്രഹിക്കുന്ന ഇടമാണ്.
ഐടി സെക്ടറുകള്‍ വളരുന്നതിനൊപ്പം സർജാപൂര്‍ റോഡും വളരുന്നുവെന്നതാണ് ഇതിന് കാരണം.സർജാപൂർ റോഡില്‍ വീട് മേടിക്കുവാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ അനുകൂലമാണ്. വരാൻ പോകുന്ന പെരിഫെറല്‍ റിങ് റോഡ് പദ്ധതി, സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ്, മെട്രോ റെയില്‍ റൂട്ടുകള്‍ തുടങ്ങിയവയുടെ പ്രയോജനം ഇവിടെ ലഭിക്കും. ടെക്ക് പാർക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചുറ്റുവട്ടത്ത് തന്നെയുള്ളതിനാല്‍ ഇവിടെ ധൈര്യമായി നിങ്ങള്‍ക്ക് സെറ്റില്‍ ചെയ്യാം എന്നാണ് 99 ഏക്കേഴ്സ് പറയുന്നത്.
ഇന്ദിരാ നഗർ, കിഴക്കൻ ബെംഗളൂരു : ബെംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ഇന്ദിരാ നഗർ. ഈസ്റ്റേണ്‍ ബെംഗ്ലൂരിന്‍റെ ഭാഗമായ ഇന്ദിരാ നഗർ പോഷ് ഏരിയകളുടെ കൂടെയാണ് ഉള്‍പ്പെടുന്നത്. നഗര ജീവിതം, പച്ചപ്പ്, മനോഹരമായ അന്തരീക്ഷം എന്നിങ്ങനെ ഏതുകാലത്തും വിലയിടിയാത്ത ആകർഷണങ്ങളാണ് ഇവിടെയുള്ളത്. ഓള്‍ഡ് മദ്രാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു സാമ്ബത്തിക , വ്യവസായ കേന്ദ്രമെന്ന നിലയിലാണ് വളരുന്നത്. കോ-വർക്കിങ് മേഖല ഇവിടെ വളരെ സജീവമാണ്. ഹൗസിങ് മേഖലയും ഇവിടെ മികച്ച വളർച്ച കാണിക്കുന്നു.
ഹെന്നൂർ റോഡ്, വടക്കൻ ബെംഗളൂരു : ഒരുകാലത്ത് തീർത്തും ശാന്തമായി കിടന്നിരുന്ന ഹെന്നൂർ റോഡ് ഇന്ന് ബെംഗളൂരുവില്‍ മികച്ച വളര്‍ച്ച കാഴ്ചവയ്ക്കുന്ന ഇടങ്ങളിലൊന്നാണ്. റസിഡൻഷ്യല്‍ കോംപ്ലക്സുകളുടെ വരവണ് ഹെന്നൂരിന്‍റെ തലവിധി മാറ്റിമറിച്ചത്. താമസത്തിനായി ആളുകള്‍ വന്നതോടെ അനുബന്ധ മേഖലകളും വികസിച്ചു തുടങ്ങി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, മാന്യതാ ടെക്ക് പാർക്ക് ഉള്‍പ്പെടെ ബെംഗളൂരുവിലെ പ്രധാന ഇടങ്ങളുമായുള്ള കണക്ടിവിറ്റിയും ഹെന്നൂർ റോഡിനെ വരും വർഷങ്ങളിലെ മികച്ച നിക്ഷേപ ഇടമാക്കി മാറ്റുന്നു. മാത്രമല്ല, ഷോപ്പിങ് മാളുകള്‍, ഓഫീസ് സ്പേസ് തുടങ്ങിയവയും ഇവിടെ വന്നുകൊണ്ടിരിക്കുകയാണ്.
യെലഹങ്ക : ബെംഗളൂരുവില്‍ വീട് മേടിക്കാൻ ആഗ്രഹിക്കുന്നവർക്കും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തേണ്ടവർക്കും ഭാവിയിലേക്ക് സ്ഥലം മേടിച്ചിടാൻ പ്ലാൻ ചെയ്യുന്നവർക്കും പറ്റിയ ഇടമാണ് യെലഹങ്ക . കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള അടുപ്പം, ഔട്ടര് റിങ് റോഡ്, ഐടി പാർക്കുകള്‍ എന്നിങ്ങനെ ഇവിടം വളരുന്നതിന് കാരണങ്ങള്‍ ഒരുപാടൊന്നും തിരയേണ്ടതില്ല. ഭൂമിയുടെ ലഭ്യതയ ഉള്ളതിനാല്‍ ഡെവലപ്പേഴ്സ് ഇവിടെ ഭൂമി വാങ്ങി വില്ലകളും അപ്പാർട്മെന്‍റുകളും പണിയുന്നു. ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ പേയിങ് ഗസ്റ്റ് സൗകര്യം പോലുള്ളവ കണക്കാക്കി പണിയുന്ന കെട്ടിടങ്ങളും ഇവിടെയുണ്ട്.
അത്തിബെലെ, തെക്കൻ ബെംഗളൂരു : ബെംഗളൂരുവിലെ വളർന്നു വരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലകളിലൊന്നാണ് അത്തിബെലെ. ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം സ്ഥിതി ചെയ്യുന്ന അത്തിബെലെ നിരവധി കമ്ബനികളുടെ സാന്നിധ്യം കൊണ്ടുമാത്രമല്ല, കണക്ടിവിറ്റികൊണ്ടും മെച്ചപ്പെട്ടതാണ്. വളർന്നു വരുന്ന ഐടി, ബയോടെക് കമ്ബനികള്‍, സില്‍ക്ക് ബോർഡ് ജംഗ്ഷൻ, ആനേക്കല്‍ തുടങ്ങിയ തൊഴില്‍ കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി, വലിയ ഭൂമിയുടെ ലഭ്യത, ഐടി ഹബ്ബിൻറെ സാന്നിധ്യം എന്നിവ അത്തിബലെയെ ബെംഗളൂരുവിലെ വരും വർഷങ്ങളിലെ മികച്ച നിക്ഷേപ ഇടമാക്കി മാറ്റുന്നു.വീട് വാങ്ങുവാൻ നോക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാകാതെ ഒരു നിക്ഷേപ സാധ്യതയയും അത്തിബെലെ തുറക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27 ശതമാനം വർധനവ് ഉണ്ടായിട്ടും, ഇവിടെ വീടിന്റെ വില ചതുരശ്ര അടിക്ക് 4,600 രൂപയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
കെആർപുരം : കൃഷ്ണ രാജപുരം എന്ന കെആർ പുരം സമീപ പ്രദേശങ്ങളില്‍ വീട് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. അപാർട്മെന്‍റുകളും ഇൻഡിപെൻഡന്‍റ് വീടുകളും ഇവിടെ ലഭ്യമാണ്. സമീപ പ്രദേശങ്ങളായ വൈറ്റ്ഫീല്‍ഡ്, മാറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങളെയപേക്ഷിച്ച് വാടകയ്ക്ക് അധികം തുക നല്കാതെ വീടുകളെടുക്കാം. മെട്രോ സ്റ്റേഷൻ ഉള്ളതിനാല്‍ യാത്ര ഇവിടെയൊരു പ്രശ്നമായി മാറുന്നില്ല. നഗരത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും മെട്രോ വഴി എത്താം.
ഇലക്‌ട്രോണിക് സിറ്റി ഫേസ് : 2ബെംഗളൂരുവിന്‍റെ വളർച്ചയില്‍ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്ന് ഇലക്‌ട്രോണിക് സിറ്റിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നഗരം വളരുന്നതിനൊപ്പം ഇവിടെ താമസക്കാർ കൂടുകയും വീടുകളുടെ ആവശ്യകത വർധിക്കുകയും ചെയ്യുന്നു. ഇവിടെ നിങ്ങള്‍ വീട് ഒരു നിക്ഷേപമാക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഇലക്‌ട്രോണിക് സിറ്റി ഫേസ് 2 ആണ് അതിന് യോജിച്ചതെന്ന് പറയുന്നത് പ്രോപ്പർട്ടി സിംപ്ലിഫൈ ആണ്. ബെലന്ദൂർ ഔട്ടർ റിങ് റോഡ്, സർജാപൂർ മെയിൻ റോഡ്, എച്ച് എസ് ആർ ലേഒഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് പറ്റിയ ലൊക്കേഷനും ഇതാണ്.വലിയ വിലയിലും പോക്കറ്റിന് താങ്ങാവുന്ന വിധത്തിലും ഇവിടെ ഭവനങ്ങള്‍ ലഭിക്കും. വിവിധ കമ്ബനികളുടെ സാന്നിധ്യവും വളർച്ചയും ഭാവിയില്‍ ഇവിടുത്ത നിക്ഷേപങ്ങളെ ലാഭകരമാക്കും.
യശ്വന്ത്പൂർ, വടക്കൻ ബെംഗളൂരു : ബെംഗളൂരുവില്‍ വീട് മേടിക്കാനും സ്ഥലം നോക്കാനും പറ്റി മറ്റൊരിടം യശ്വന്ത്പൂർ ആണ്. മികച്ച കണക്റ്റിവിറ്റിയാണ് ഇവിടുത്തെ ഒരാകർഷണം. റെയില്‍വേ സ്റ്റേഷൻ, ഗ്രീൻലൈൻ മെട്രോ എന്നിവ യാത്രകള്‍ എളുപ്പമുള്ളതാക്കുന്നു. റോഡ് മാർഗമുള്ള യാത്രകളാണെങ്കില്‍ തുംകൂർ റോഡ്, ഏഷ്യൻ ഹൈവേ 47 എന്നിവ ഉപയോഗിക്കാം.
ബെംഗളൂരുവിലെ പ്രധാന വ്യവസായ മേഖലകളില്‍ ഒന്നായ പീനിയ പീനിയ ഇൻഡസ്ട്രിയല്‍ ഏരിയ യശ്വന്തപൂരില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ്. ഇവിടെ ജോലി ചെയ്യുന്നവർ വീട് തിരയുന്നത് ഈ പ്രദേശത്താണ്. സ്ഥലമാമെങ്കിലും വീട് ആണെങ്കിലും നിക്ഷേപമെന്ന നിലയില്‍ ഇത് നഷ്ടമാകില്ല.ഡിസ്ക്ലെയിമർ- ഗൂഗിളില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്ഥലങ്ങള്‍ ആണ് ഇവ. ഇത് സംബന്ധിച്ച് വണ്‍ ഇന്ത്യയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. ദീർഘകാല നിക്ഷേപം എന്ന നിലയില്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രം സ്ഥലവും വീടും വാങ്ങുക.