ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ) വസ്തു നികുതി കൂട്ടി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ക്കും നികുതി വർധിപ്പിച്ചിട്ടുണ്ട്.50 ശതമാനമാണ് ചിലയിടങ്ങളില്‍ നികുതി ഈടാക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക്ക് മറ്റു വരുമാന സ്രോതസ്സുകള്‍ ഒന്നുമില്ലെങ്കിലും നികുതി അടക്കേണ്ടിവരുന്നു എന്നത് വിഷമകരമാണെന്ന് റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗം എസ്. ഗൗഡ പറഞ്ഞു.
ബി.ബി.എം.പി ഖരമാലിന്യ നികുതി ഈടാക്കുന്നത് വസ്തുനികുതിയുടെ കൂടെയാണ്. വസ്തുനികുതി വര്‍ധനക്കൊപ്പം ആനുപാതികമായി മാലിന്യ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഖരമാലിന്യ നികുതി 600 രൂപയായിരുന്നത് ഇത്തവണ 1200 രൂപയായി വർധിച്ചു. എന്നാല്‍, നികുതി വർധിപ്പിച്ചിട്ടും മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപമുയർന്നു.
സംസ്ഥാനത്തെ ഗൈഡന്‍സ് വാല്യു 2023ല്‍ പുതുക്കിയിരുന്നു. ഗൈഡന്‍സ് വാല്യു അടിസ്ഥാനമാക്കിയാണ് ബി.ഡി.എ വസ്തുനികുതി കണക്കാക്കുന്നത്. വസ്തുനികുതി കുത്തനെ കൂട്ടി എന്നത് ശരിയല്ലെന്നും വസ്തുനികുതിയില്‍ അസാധാരണ വര്‍ധന തോന്നിയാല്‍ നികുതിദായകർക്ക് ബി.ഡി.എയെ സമീപിക്കാമെന്നും ബി.ഡി.എ കമീഷണര്‍ എന്‍. ജയറാം പറഞ്ഞു.