റോഡ് നിയമങ്ങള്‍ പഠിച്ചെഴുതേണ്ട. എച്ചും എട്ടും എടുക്കേണ്ട. രണ്ട് ‘ഒടിപി’യില്‍ കർണാടക ഡ്രൈവിങ് ലൈസൻസ് റെഡി. കേരളത്തില്‍ നിന്നുള്ളവർ കർണാടകയിലെത്തി ഡ്രൈവിങ് ലൈസൻസ് എളുപ്പത്തില്‍ എടുക്കുന്നുവെന്നത് പുതിയ കാര്യമല്ല.എന്നാല്‍ അടുത്തകാലത്ത് ഇത് വൻതോതില്‍ കൂടുന്നുവെന്നാണ് കേരള മോട്ടോർ വാഹന വകുപ്പ് പുറത്തുവിടുന്ന റിപ്പോർട്ട്.കർണാടകയില്‍ താത്കാലിക വിലാസം നല്‍കി സമ്ബാദിക്കുന്ന ലൈസൻസ് കേരളത്തിലെ ഒറിജിനല്‍ വിലാസത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓരോ ദിവസവും ഗണ്യമായി കൂടുകയാണ്.
ലൈസൻസെടുക്കാൻ കർണാടകയിലേക്ക് പോകേണ്ട, ഇടനിലക്കാർ ഇഷ്ടംപോലെയുണ്ട്. പേരും ഫോട്ടോയും ഒപ്പിട്ട അപേക്ഷയും നല്‍കണം. 15 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി വരും. അത് പറഞ്ഞുകൊടുക്കുന്നതോടെ ലേണിങ് പാസായതായി വിവരം വരും. കൃത്യം 30 ദിവസത്തിനുശേഷം മറ്റൊരു ഒടിപി കൂടി കിട്ടും. ഇതു കൈമാറി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസൻസും കിട്ടും.
16,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇരുചക്രവാഹനത്തിനും നാലുചക്ര വാഹനത്തിനുമൊക്കെ ഈടാക്കുന്നത്. ഇതില്‍ സർക്കാരിലേക്കടയ്ക്കേണ്ടത് 1350 രൂപ മാത്രമാണ്. കാല്‍ലക്ഷം രൂപ നല്‍കിയാല്‍ ഹെവി ലൈസൻസ് വരെ നല്‍കുന്നുണ്ടെന്ന പരാതിയും ലഭിക്കുന്നുവെന്ന് ഇവിടത്തെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.പുത്തൂർ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിങ് ലൈസൻസ് കൂടുതലും കിട്ടുന്നതെന്ന പരാതിയുമുണ്ട്.
വർഷങ്ങള്‍ക്ക് മുൻപ് ഇതുപോലെ വ്യാപക പരാതി ഉയർന്നപ്പോള്‍, കേരള സർക്കാർ ഇടപെടുകയും കർണാടക ഡ്രൈവിങ് ലൈസൻസ് നല്‍കുന്നതില്‍ കാര്യക്ഷമത കാട്ടുകയും ചെയ്തിരുന്നു. അതിനുശേഷം അവിടെനിന്ന് ലൈസൻസ് കിട്ടണമെങ്കില്‍ അപേക്ഷകൻ പോയി വാഹനം ഓടിച്ചുകാണിക്കണം.2017-ല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസ് ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറ്റിയതോടെ ഈ കാര്യക്ഷമത കുറഞ്ഞുവന്നു. അടുത്തകാലത്തായി കേരളത്തില്‍ ഡ്രൈവിങ് പരീക്ഷ കർക്കശമാക്കി.
60 ശതമാനത്തില്‍ കൂടുതല്‍പ്പേർ ജയിക്കുന്നില്ല. ഒന്നും രണ്ടും തവണ തോല്ക്കുന്നതോടെ അപേക്ഷകർ പതിയെ കർണാടകയിലേക്ക് പോകുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസത്തിനിടെയാണ് ഇത്തരം അപേക്ഷകരുടെ ഒഴുക്ക് അനിയന്ത്രിതമായത്.ലൈസൻസ് അപേക്ഷയില്‍ അവിടത്തെ ലോഡ്ജ് മുറിയുടെയോ മറ്റോ കെട്ടിട നമ്ബറിലാണ് വിലാസമാക്കുന്നത്. ലൈസൻസ് കിട്ടിയ ഉടൻ ഇവിടത്തേക്ക് മാറ്റാൻ അപേക്ഷ നല്‍കും. അപേക്ഷകള്‍ കുമിയുന്ന സാഹചര്യത്തില്‍ വാഹനം ഓടിച്ചുകാണിക്കണമെന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട് കേരളത്തിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. വാഹനമോടിക്കാൻ അടുത്ത ദിവസം വരാമെന്ന് പറഞ്ഞുപോകുന്നവരെ പിന്നെ ആ വഴിക്ക് കാണുന്നില്ലെന്നും പറയുന്നു.