ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞരണ്ടുദിവസങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും കനത്തനാശം. റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കി. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളം പൊങ്ങി. റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ കൂറ്റൻ മരംവീണ് വീടിൻ്റെ ചുറ്റുമതിൽ തകർന്നു. കൊഗിലു ക്രോസിൽ വീട് തകർന്നു.
ഹെബ്ബാൾ, സഞ്ജയ്നഗർ, വസന്ത്നഗർ, ശിവാജിനഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായി മഴലഭിച്ചു. ഇരുചക്രവാഹനയാത്രക്കാർ മഴയത്ത് കുടുങ്ങി. പലരും മരങ്ങളുടെയും കടകളുടെയും മുന്നിൽ അഭയംതേടി. ഇടിയോടുകൂടിയ മഴയാണ് പലയിടങ്ങളിലും പെയ്തത്. വ്യാഴാഴ്ച ബെംഗളൂരുവിലെ 243 വാർഡുകളിൽ 111 വാർഡിലും കനത്തമഴ പെയ്തു. വിജയനഗറിൽമാത്രം 59 മില്ലീ മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടുവർഷമായി മേയിലെ ശരാശരി മഴ 129 മില്ലീമീറ്ററാണ്.
വേണം കരുതൽ : മഴപെയ്യുമ്പോൾ നനയാതിരിക്കാൻ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.കാറ്റിലും മഴയിലും മരച്ചില്ലകൾ ഒടിയാനോ മരം കടപുഴകി വീഴാനോ സാധ്യതയുണ്ട്.ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും മഴപെയ്യുമ്പോൾ റോഡരികിലെ മരങ്ങൾക്കു ചുവട്ടിൽ അഭയംതേടുന്നത്.
മംഗളൂരു അക്രമം: സിദ്ധരാമയ്യയെ കാര്യങ്ങള്‍ ധരിപ്പിച്ച് മന്ത്രി ദിനേശ് ഗുണ്ടുറാവു
മംഗളുരു നഗരത്തിലും പരിസരങ്ങളുമായി ഉണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും സംബന്ധിച്ച സ്ഥിതിഗതികള്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ധരിപ്പിച്ച് മന്ത്രി ദിനേശ് ഗുണ്ടുറാവു.അക്രമികള്‍ക്കെതിരെ കർശനമായ നടപടി എടുക്കാൻ നിർദേശം നല്കിയതായുി മുഖ്യമന്ത്രി മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ അറിയിച്ചു.അതിനിടെ ബജ്പെയില്‍ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ മൃതദേഹം വിലാപയാത്രയായി മംഗളുരു ബി.സി റോഡില്‍ എത്തിച്ചു പൊതുദർശനത്തിന് വച്ചു.
എം.എല്‍.എമാർ,ആർ എസ് എസ് നെതാക്കള്‍ തുടങ്ങി നൂറുകണക്കിന് ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.ഇതിനിടെ ബജ്പെയില്‍ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനായി ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ ഹിരിയഡ് സ്വദേശികളായ സന്ദേശ് (31), സുശാന്ത് (32) എന്നിവരെയാണ് ഹിരിയഡ് പൊലീസ് രാത്രി പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.