ബെംഗളൂരു∙ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബൈക്ക് ടാക്സി നിരോധനം കർശനമായി നടപ്പാക്കണമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബൈക്ക് ടാക്സികളുടെ സർവീസ് 6 ആഴ്ചയ്ക്കകം നിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഏപ്രിൽ രണ്ടിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഊബർ, റാപ്പിഡോ, ഓല കമ്പനികളുടെ ബൈക്ക് ടാക്സികളാണ് നഗരത്തിൽ സർവീസ് നടത്തിയിരുന്നത്.
സർവീസുകൾ മേയ് 15നുള്ളിൽ പൂർണമായി നിർത്താൻ നടപടിയെടുക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിർദേശം.ബൈക്ക് ടാക്സികൾക്ക് പെർമിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2022ൽ വെബ് ടാക്സി കമ്പനികൾ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്യാത്തപക്ഷം കമ്പനികൾക്ക് ഇത്തരം സർവീസുകൾ നടത്താൻ നിയമപരിരക്ഷ ലഭിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ ഇലക്ട്രിക് ടാക്സികൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ സർവീസ് നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.
സർക്കാർ മാർഗരേഖ പ്രഖ്യാപിക്കണമെന്ന് റൈഡർമാർ : ബൈക്ക് ടാക്സികൾക്ക് കർശനമായ മാർഗരേഖ പ്രഖ്യാപിച്ച് സർവീസ് നടത്താൻ അനുമതി നൽകണമെന്നാണ് റൈഡർമാരുടെ ആവശ്യം. സ്ത്രീകൾ ഉൾപ്പെടെ നഗരത്തിൽ 40000–50000 പേർ വരെ റൈഡർമാരായി ജോലി ചെയ്യുന്നുണ്ട്. നിരോധനം ഏർപ്പെടുത്തിയതോടെ ബൈക്ക് ടാക്സിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ വരുമാനം മുടങ്ങി. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ കൂടിയാണ് കമ്പനികൾ വനിതാ റൈഡർമാരെ നിയോഗിച്ചത്. ഗതാഗതക്കുരുക്കേറിയ നഗരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണ് ബൈക്ക് ടാക്സികളെ കൂടുതലായി ആശ്രയിച്ചിരുന്നത്.