ബെംഗളൂരു∙ കോവിഡ് കാലത്ത് നിർത്തലാക്കിയ റൂട്ടുകളിൽ ബസ് സർവീസുകൾ പുനരാരംഭിക്കാൻ ബിഎംടിസി. മുൻപ് ഉണ്ടായിരുന്ന റൂട്ടുകളിൽ ബസ് സർവീസുകൾ പൂർണമായി നിലച്ചത് യാത്രാക്ലേശം രൂക്ഷമാക്കിയതോടെയാണ് നടപടി. കോവിഡിന് ശേഷം മെട്രോ ഫീഡർ സർവീസുകളിലേക്ക് ബിഎംടിസി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നേരത്തെ ഉണ്ടായിരുന്ന റൂട്ടുകളിൽ സർവീസുകൾ പുനരാരംഭിക്കുന്നത് വൈകി. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ശക്തി ആരംഭിച്ചതോടെ ബസുകളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. നിലവിൽ 6835 ബസുകൾ ബിഎംടിസിക്കുണ്ടെങ്കിലും പ്രതിദിനം 5866 സർവീസ് മാത്രമാണ് നടത്തുന്നത്.
ശിവാജിനഗർ–ലിംഗദീരനഹള്ളി സർവീസ് മേയ് ഒന്നിന് : ശിവാജിനഗറിൽ നിന്ന് ലിംഗദീരനഹള്ളിയിലേക്ക് ബിഎംടിസി നോൺ എസി ബസ് സർവീസ് മേയ് ഒന്നിന് ആരംഭിക്കും. രാവിലെ 9ന് ലിംഗദീരനഹള്ളിയിൽ നിന്ന് പുറപ്പെട്ട് സുംങ്കതഘട്ടെ, കാമാക്ഷിപാളയ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിധാൻ സൗധ വഴി ശിവാജി നഗറിലെത്തും. വൈകിട്ട് 5.30നു ശിവാജി നഗറിൽ നിന്ന് മടക്ക സർവീസ്.
ബ്രേക്ക്: ഇ–ബസ് ഡ്രൈവർമാർക്ക് ബോധവൽകരണം നൽകും : ബ്രേക്കിടുമ്പോൾ യാത്രക്കാർ ബസിനുള്ളിൽ വീഴുന്നെന്ന പരാതികൾ വർധിച്ചതോടെ ഇലക്ട്രിക് ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് കൂടുതൽ പരിശീലനം നൽകാൻ ബിഎംടിസി. ഡീസൽ ബസുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബസുകൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നൽകുമെന്ന് ചീഫ് ട്രാഫിക് മാനേജർ ജി.ടി.പ്രഭാകർ റെഡ്ഡി പറഞ്ഞു. വാടക അടിസ്ഥാനത്തിൽ ഓടുന്ന ഇലക്ട്രിക് ബസുകളുടെ ഡ്രൈവർമാരെ സ്വകാര്യ കമ്പനിയാണ് നിയോഗിക്കുന്നത്.