Home Featured ഏക സിവില്‍കോഡ് നടപ്പാക്കണം ; അഭ്യർഥനയുമായി കര്‍ണാടക ഹൈകോടതി

ഏക സിവില്‍കോഡ് നടപ്പാക്കണം ; അഭ്യർഥനയുമായി കര്‍ണാടക ഹൈകോടതി

by admin

ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് പാർലമെന്റിനോടും സംസ്ഥാന നിയമസഭകളോടും അഭ്യർഥനയുമായി കർണാടക ഹൈകോടതി.സ്ത്രീകള്‍ക്ക് തുല്യത നല്‍കുകയും ജാതി-മതങ്ങള്‍ക്കിടയില്‍ ഐക്യം വളർത്തുകയും വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കണമെന്നാണ് വസ്തുതർക്കവുമായി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് കുമാറിന്റെ നിർദേശം.

ഒസ്യത്ത് എഴുതിവെക്കാതെ മരിച്ച അബ്ദുല്‍ ബഷീർ ഖാൻ എന്നയാളുടെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സ്വത്തു തർക്കം പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര സർക്കാറിന്റെയും കർണാടക സംസ്ഥാനത്തിന്റെയും പ്രിൻസിപ്പല്‍ നിയമ സെക്രട്ടറിമാർക്ക് അയക്കാൻ കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിച്ചു. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്ള്‍ 44ല്‍ പറഞ്ഞിരിക്കുന്ന തത്ത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ദേശീയ ഐക്യം എന്നിവ പ്രാവർത്തികമാവുന്നതിന് സഹായകമാവുമെന്നും കോടതി ഊന്നിപ്പറഞ്ഞു.

ജാതിയോ മതമോ പരിഗണിക്കാതെ എല്ലാവർക്കും, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക് നീതിയും തുല്യ അവസരവും ഉറപ്പാക്കാൻ ഏക സിവില്‍കോഡ് സഹായിക്കുമെന്നും, ഓരോ പൗരന്റെയും അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഗോവയും ഉത്തരാഖണ്ഡും ഏക സിവില്‍കോഡ് നടപ്പാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള കേസില്‍, അബ്ദുല്‍ ബഷീർ ഖാന്റെ മക്കള്‍ സമർപ്പിച്ച അപ്പീലും എസ്റ്റേറ്റിന്റെ കൂടുതല്‍ ഭാഗം ആവശ്യപ്പെട്ട് ഷാനസ് ബീഗം നല്‍കിയ ഹരജിയും തള്ളിയ ഹൈകോടതി, ഷാനസ് ബീഗത്തിന് അബ്ദുല്‍ ബഷീർ ഖാന്റെ മൂന്ന് സ്വത്തുക്കളില്‍ ഓഹരിയുണ്ടെന്ന കീഴ്‌കോടതി വിധി ശരിവെച്ചു.

ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തിലേറെ രൂപ ; കാനറ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ച ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ ആണ് ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കപ്പെട്ടത്.ഭണ്ഡാര വരുമാനം എണ്ണുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് അറസ്റ്റിലായത്.കാനറ ബാങ്ക് ഉദ്യോഗസ്ഥനായ അഭിനവ് സക്‌സേനയാണ് ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടയില്‍ പിടയിലായത്.

എല്ലാ മാസങ്ങളിലും രണ്ടോ മൂന്നോ ദിവസങ്ങളില്‍ ആയാണ് ബങ്കെ ബിഹാരി ക്ഷേത്രത്തിലെ പതിനഞ്ചോളം വരുന്ന ഭണ്ഡാരങ്ങള്‍ തുറന്ന് സംഭാവന എണ്ണിത്തിട്ടപ്പെടുത്താറുള്ളത്. ഈ ഉദ്യമത്തിനായി കാനറ ബാങ്കില്‍ നിന്നും നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അഭിനവ് സക്‌സേന. എണ്ണിത്തിട്ടപ്പെടുത്തിയ പണത്തിന്റെ കെട്ടുകളില്‍ ചിലത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്നും കടത്തിയിരുന്നത്.

കാനറ ബാങ്കിന്റെ മഥുര ശാഖയിലെ ഉദ്യോഗസ്ഥനാണ് അഭിനവ് സക്സേന. ക്ഷേത്ര സുരക്ഷാ സംഘം ആണ് ഇയാളുടെ മോഷണം കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ഇയാളെ പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1,28,600 രൂപ കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞദിവസം ഇതേ രീതിയില്‍ 8,55,300 രൂപ മോഷ്ടിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. ഇയാള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ പരിശോധന നടത്തിയ പോലീസ് മോഷ്ടിച്ച മുഴുവൻ തുകയും കണ്ടെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group