ബെംഗളൂരു: ഐടി നഗരമായ ബെംഗളൂവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി കടന്ന് കർണാടക സർക്കാർ. ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി ബെംഗളൂരു നഗരത്തോട് ചേർന്നുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറി.
കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) സമീപത്തായി തെക്കൻ ബെംഗളൂരുവിലെ കനകപുര റോഡിനോട് ചേർന്നാണ് രണ്ട് ലൊക്കേഷനുകൾ. രാമനഗര ജില്ലയിലാണ് മറ്റൊരു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹരോഹള്ളിക്ക് സമീപത്തെ ലൊക്കേഷൻ ബെംഗളൂരു മെട്രോ ഗ്രീൻ ലൈൻ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. വിമാനത്താവള പദ്ധതിക്ക് ഗതാഗതസൗകര്യം നിർണായക ഘടകമാണ്.
ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ചുറ്റളവിലാണ് രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ അറിയിച്ചു. നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന വിമാനത്താവളം സാമ്പത്തികമായി ലാഭകരമാകുമെന്ന വിലയിരുത്തലിലാണ് മന്ത്രാലയം.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് വിമാനത്താവളത്തിനായി 4,500 ഏക്കർ ഭൂമി നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കനകപുര റോഡിൽ കണ്ടെത്തിയ ഭൂമിയുടെ വിസ്തീർണ്ണം യഥാക്രമം 4,800 ഉം 5,000 ഉം ഏക്കറാണ്. വിമാനത്താവളത്തിനായി കണ്ടെത്തിയ മൂന്നാമത്തെ സ്ഥലം നെലമംഗലയിലെ കുനിഗൽ റോഡിലാണ്. ഏകദേശം 5,200 ഏക്കർ ഭൂമി പദ്ധതിക്കായി ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ടിരികുന്ന സ്ഥലങ്ങളിൽ എഎഐ പരിശോധിക്കും. ഇതിനായി മന്ത്രാലയം പ്രത്യേക സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. വിദഗ്ധ സംഘം നടത്തുന്ന പഠനത്തിൻ്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാകും പദ്ധതിക്കായി ഭൂമി അന്തിമമാക്കുക. സാമ്പത്തിക സാധ്യതാ പഠനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരു നഗരത്തോട് ചേർന്ന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ രംഗത്തുവന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് താങ്ങാനാകുന്നതിനും അപ്പുറമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംബി പാട്ടീൽ മുൻപ് വ്യക്തമാക്കിയിരുന്നു. 2008ൽ പ്രവർത്തനം ആരംഭിച്ച കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർഷം തോറും വർധിക്കുകയാണ്.
നിങ്ങളെ ആകര്‍ഷിക്കാനുള്ള കെണിയാണത്’; ചില ‘ശ്രേയ ഘോഷാല്‍ വാര്‍ത്ത’കളുടെ സ്ക്രീൻ ഷോട്ട് സഹിതം പൊലീസ് മുന്നറിയിപ്പ്
ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാർത്തകള്‍ എന്ന വ്യാജേന ചില പോസ്റ്റുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം.ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത് ഇന്ത്യൻ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്നും തട്ടിപ്പിനുള്ള കെണികളാണെന്നും ഓർമിപ്പിക്കുകയാണ് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം എഡിജിപി ഡോ സന്ദീപ് മിത്തല്‍. ചില തട്ടിപ്പ് പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
പത്തോ പതിനഞ്ചോ മാത്രം ഫോളോവേഴ്‌സുള്ള വെരിഫൈഡ് ഹാൻഡിലുകളില്‍ നിന്നുള്ള ശ്രേയ ഘോഷാലിനെ കുറിച്ചുള്ള പരസ്യങ്ങള്‍, പൊതുജനങ്ങളെ സൈബർ തട്ടിപ്പുകളില്‍ അകപ്പെടുത്താനായി ആകർഷിക്കുന്നതിനുള്ള കെണികളാണെന്ന് എഡിജിപി പറയുന്നു. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക. പരസ്യമായി ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന അത്തരം ഹാൻഡിലുകള്‍ കണ്ടെത്തി തടയാനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിനോട് ആവശ്യപ്പെട്ടു. ചില ലിങ്കുകള്‍ ഓപ്പണ്‍ ചെയ്താല്‍ ചില തട്ടിപ്പ് ട്രേഡിങ് പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളിലാണ് എത്തുക. ഇത്തരത്തില്‍ സൈബർ കെണികളില്‍ വീഴരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്.
അതിനിടെ തന്‍റെ എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രേയ ഘോഷാല്‍ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 13 മുതലാണ് എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും തന്‍റെ അക്കൌണ്ടില്‍ നിന്ന് വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ശ്രേയ ആവശ്യപ്പെട്ടു. തനിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും അക്കൌണ്ട് വീണ്ടെടുക്കാനായാല്‍ അറിയിക്കാമെന്നും ശ്രേയ വ്യക്തമാക്കിയിരുന്നു.