Home Featured ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ജീവനക്കാരനെ പുറത്താക്കി റെയില്‍വേ

ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ജീവനക്കാരനെ പുറത്താക്കി റെയില്‍വേ

by admin

ഇന്ത്യൻ റെയില്‍വേയുടെ എക്കാലത്തെയും വെല്ലുവിളിയാണ് ശുചിത്വം. ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആരോപണങ്ങളുമാണ് ഇന്ത്യൻ റെയില്‍വേക്ക് കേള്‍ക്കേണ്ടതായി വരുന്നത്.ദീർഘദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ട്രെയിൻ കമ്ബാർട്ട്മെന്റുകളിലെയും ശുചിമുറികളിലെയും ശുചിത്വമില്ലായ്മയെ കുറിച്ച്‌ കോടതികളില്‍പോലും പരാതികളുണ്ട്. എന്നാല്‍ ഇപ്പോള്‍ മുതിർന്ന ഐ.ആർ.സി.ടി.സി ജീവനക്കാരൻ മാലിന്യവീപ്പയിലെ മാലിന്യങ്ങള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ജീവനക്കാരനെ അധികൃതർ പുറത്താക്കി. കൂടാതെ കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ‘ആരാണ് ഉത്തരവാദി?’ എന്ന തലവാചകം ചേർത്ത ചെയ്ത വിഡിയോയാണ് വൈറലാകുന്നത്. ഓടുന്ന ട്രെയിനില്‍ നിന്ന് നിറഞ്ഞുകവിഞ്ഞ മാലിന്യക്കൂമ്ബാരം ട്രാക്കിലേക്ക് റെയില്‍വേ ജീവനക്കാരൻ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരോട് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയരുതെന്ന് ചില യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റൊരു സ്ഥലവുമില്ലാത്തതിനാല്‍ എവിടെയാണ് മാലിന്യം കാലിയാക്കേണ്ടതെന്ന് ചോദിച്ചുകൊണ്ട് അയാള്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയായിരുന്നു.

വിഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യൻ റെയില്‍വേ ട്വീറ്റുമായി രംഗത്തെത്തി. ‘ഇന്ത്യൻ റെയില്‍വേയില്‍ മാലിന്യ നിർമാർജനത്തിന് നല്ല സംവിധാനം ഉണ്ട്. ഇത് ലംഘിച്ച ജീവനക്കാരനെ നീക്കം ചെയ്യുകയും കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ട്രെയിനുകളുടെയും റെയില്‍വേ പരിസരങ്ങളുടെയും ശരിയായ ശുചിത്വം ഉറപ്പാക്കാൻ ജീവനക്കാർക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ ഒരു മുതിർന്ന റെയില്‍വേ ഉദ്യോഗസ്ഥൻ ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നു. സങ്കല്‍പ്പിക്കാൻ പോലും ഭയമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇത്തരം സംഭവ വികാസങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളില്‍ കയറാൻ യാത്രക്കാർ മടികാണിക്കുന്നത് പതിവാണ്. വൃത്തിഹീനമായ അവസ്ഥയ്ക്കൊപ്പം ദുർഗന്ധവുമാണ് പല ട്രെയിനുകളിലും അനുഭവപ്പെടുന്നത്. ഇക്കാര്യത്തില്‍ പലതവണ പരാതി നല്‍കിയിട്ടും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group